വഖഫ് ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. വഖഫുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ഉമീദ് പോര്‍ട്ടല്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ചു. നടപടിക്രമങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രേഖകള്‍ ഇല്ലാത്ത വസ്തുക്കള്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്‍റെ ആദ്യപടിയായാണ് ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം അവതരിപ്പിച്ചത്. വഖഫ് സ്വത്തുക്കളുടെ റജിസ്ട്രേഷന്‍ മുതല്‍ അത് എങ്ങനെ ഉപയോഗിക്കുന്നു, വരുമാനം, ചെലവ്, ഓഡിറ്റ് വിവരങ്ങള്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും പോര്‍ട്ടലില്‍ രേഖപ്പടുത്തണം. തര്‍ക്കഭൂമിയാണെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കണം. മുത്തവല്ലി, ജില്ലാതല ഓഫിസര്‍, വഖഫ് ബോര്‍ഡ് സി.ഇ.ഒ എന്നിവര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
വഖഫ് ആണെന്ന് സ്ഥാപിക്കുന്ന രേഖകള്‍, മുത്തവല്ലിയുടെ വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമായി അപ്ലോഡ് ചെയ്യണം. റജിസ്റ്റര്‍ ചെയ്യുന്ന വസ്തുക്കള്‍ക്ക് 17 അക്ക ഏകീകൃത ഐ.ഡി. നമ്പര്‍ നല്‍കും. പരമ്പരാഗതമായി മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കില്ല. വഖഫ് വസ്തുക്കളുടെ മുഴുവൻ വിവരങ്ങളും സുതാര്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പോര്‍ട്ടല്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ സങ്കൽപത്തിന്‍റെ ഭാഗമാണ് ഉമീദ് പോർട്ടൽ എന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാനിരിരക്കെയാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.