വഖ്ഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രധാന ആശങ്കകളായി ഹര്‍ജിക്കാര്‍ ഉന്നയിച്ച വ്യവസ്ഥകളില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. തര്‍ക്കം നിലനില്‍ക്കുന്ന വഖ്ഫ് സ്വത്ത് വഖഫല്ലാതെയാകുമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തു. ഇടക്കാല വിധി സ്വാഗതം ചെയ്ത മുസ്ലീം സംഘടനകള്‍ വിധി കേന്ദ്രത്തിന് തിരിച്ചടിയാണെന്നും പറഞ്ഞു.
സ്റ്റേ ചെയത പ്രധാന വ്യവസ്ഥകൾ
സുപ്രീം കോടതിയുടെ ഇടക്കാല വിധി ഹർജിക്കാരുടെ വാദങ്ങൾ ശരിവെക്കുന്നതാണ്. ഇത് കേന്ദ്രസർക്കാരിന് വലിയ തിരിച്ചടിയാണെന്ന് സമസ്തയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുന്നതുവരെയാണ് സ്റ്റേ. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് വഖ്ഫ് സ്വത്തിന്‍മേലുള്ള തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാമെന്ന വ്യവസ്ഥയ്ക്കും സ്റ്റേ.
വഖ്ഫ് തര്‍ക്കങ്ങളില്‍ ട്രൈബ്യൂണൽ വിധി പ്രസ്താവിക്കുന്നത് വരെ മൂന്നാം കക്ഷിക്ക് തീരുമാനമെടുക്കാനാകില്ല. ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ളവര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങൾ തീർപ്പാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡിലേക്കുമുള്ള അമുസ്ലീം നിയമനം തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ മുസ്ലിം അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ഉറപ്പാക്കി അമുസ്ലീം നിയമനത്തിന് പരിധിവച്ചു. വഖഫ് ബോര്‍ഡ് സിഇഒ പരമാവധി മുസ്ലിം ആയിരിക്കണം.
വഖഫ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ വകുപ്പില്‍ കോടതി ഇടപ്പെട്ടില്ല. വഖ്ഫ് രജിസ്‌ട്രേഷന്‍ പുതിയ വ്യവസ്ഥയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി. വഖ്ഫ് ഭേദഗതിയുടെ നിയമ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെയാണ് ഇടക്കാല വിധി നിലനില്‍ക്കുക.