rcb-stampede

‍ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള സ്വീകരണത്തിനിടെയുണ്ടായ ദുരന്തത്തില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തട‌ഞ്ഞുകൊണ്ടാണ് ഉത്തരവ്. കെ.എസ്.സി.എ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാറിന്‍റെ ബഞ്ചിന്‍റേതാണ് ഉത്തരവ്. കെഎസ്‍സിഎ പ്രസിഡന്‍റ് എ രഘുറാം ഭട്ട് അടക്കമുള്ളവരാണ് അറസ്റ്റിനെതിരെ കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കെഎസ്‍സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

സംഭവത്തില്‍ ഇന്നും മുതിർന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടായി. ഇന്റലിജിൻസ് എഡിജിപി ഹേമന്ത് നിംബൾക്കാരെ സസ്‌പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ളവരെ പുറത്താക്കിയിട്ടും ഹേമന്തിനെതിരെ നടപടി എടുക്കാത്തത് മുൻ കോൺഗ്രസ് എംഎൽഎയായ അഞ്ജലി നിംബാൽക്കറുടെ ഭർത്താവായതിനാൽ ആണെന്ന് ആരോപണം ഉയർന്നിരുന്നു. അതേസമയം, അറസ്റ്റ് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ച ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെയ്ക്ക് തിരിച്ചടി. സംസ്ഥാന സർക്കാരിന് പറയാൻ ഉള്ളത് കൂടി കേട്ടിട്  തീരുമാനമെടുക്കാമെന്ന് നിർദേശിച്ചു കേസ്  തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതോടെ നിഖിലിന് നാല് ദിവസം ജയിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം, കേസില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍സിബി, ഇവന്റ് മാനെജ്മെന്‍റ് കമ്പനി എന്നിവയുടെ പ്രതിനിധികളാണ് അറസ്റ്റിലായത്. ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് ആയ നിഖില്‍ സൊസാലെയെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ നേരത്തെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതീവഗുരുതരമായ സുരക്ഷാവീഴ്ചയും അലംഭാവവുമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പൊലീസ് കമ്മിഷണര്‍ ബി.ദയാനന്ദ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ സിദ്ധരാമയ്യ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കന്നി കിരീടധാരണത്തിനു പിറകെ പുലര്‍ച്ചവരെ ഉറങ്ങാതെ ആഘോഷമാക്കിയ ആരാധക കൂട്ടത്തിന്‍റെ പ്രീതി നേടാന്‍ സര്‍ക്കാരും ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനും നടത്തിയ മല്‍സരമാണ് സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നയിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കെ.എസ്.എയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ഡി.ജി.പി. സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയച്. കേസെടുക്കാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ പരാതിയും ലഭിച്ചു. അതേ സമയം, ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് വമ്പന്‍ പരിപാടി നടത്തിയ സിദ്ധരാമയ്യ സര്‍ക്കാരും കടുത്ത വിമര്‍ശനമാണു നേരിടുന്നത്.

ENGLISH SUMMARY:

The Karnataka High Court has stayed the arrest of KSCA (Karnataka State Cricket Association) officials in connection with the mishap during the IPL winners' felicitation at Bengaluru’s Chinnaswamy Stadium. The court directed that no coercive steps, including arrest, should be taken until the case is further heard. The bench, led by Justice S R Krishna Kumar, also instructed the officials to cooperate with the investigation. Earlier today, police had conducted searches at the homes of the KSCA Secretary and Treasurer.