ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും മരണപ്പെട്ടവരില്‍ സ്ത്രീയും കുട്ടിയും. മൃതദേഹം ബാറിങ് ആശുപത്രിയിലേക്ക് മാറ്റി. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിലാണ്. 20 ലധികം പേര്‍ക്ക് പരുക്കേറ്റതായും കൂടുതല്‍പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തിരക്കില്‍പ്പെട്ട് പലരും കുഴഞ്ഞുവീണു എന്നാണ് വിവരം.
നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു എത്തിയ ആള്‍ക്കൂട്ടമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ആവേശത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസ് പരമാവധി ശ്രമിച്ചു, പക്ഷെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ശിവകുമാര്‍ പറഞ്ഞു. അയ്യായിരം പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്തമായില്ല, സംഭവത്തില്‍ മാപ്പു ചോദിക്കുന്നതായും ഡി.കെ.ശിവകുമാര്‍.
ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴുമരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ആര്‍സിബിയുടെ സ്വീകരണത്തിനിടെയാണ് സംഭവം. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് ദുരന്തം. സാഹചര്യം മോശമായതോടെ താരങ്ങളെ നേരത്തെ തന്നെ വേദിയില്‍ നിന്ന് ഒഴിവാക്കി.
നേരത്തെ ആരാധകരുടെ തിരക്ക് കാരണം വിക്ടറി പരേഡിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആരാധകരുടെയും ക്ലബ്ബിന്‍റെയും വലിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് വിധാന്‍സൗധയില്‍ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ തുറന്ന വാഹനത്തില്‍ ടീമിന്റെ വിക്ടറി പരേഡില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. പരേഡിന് മുന്‍പാണ് തിക്കിലും തിരക്കിലും അപകടം ഉണ്ടായത്.