സായുധ സേനകളിലേക്ക് യുവതി–യുവാക്കളെ വാഗ്ദാനം ചെയ്യുന്ന പുണെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി. 17 വനിതകളാണ് ഇതാദ്യമായി എന്‍ഡിഎയില്‍നിന്ന് ബിരുദം നേടിയത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടന്നു.
കര – നാവിക – വ്യോമസേനകളിലേക്ക് യുവതി യുവാക്കളെ പരിശീലിപ്പിച്ച് അയക്കുന്ന അക്കാദമിയാണ് മഹാരാഷ്ട്രയിലെ പുണെയില്‍ സ്ഥിതി ചെയ്യുന്ന നാഷനല്‍ ഡിഫന്‍സ് അക്കാദമി. NDAയുടെ 148ആം ബാച്ചിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതാദ്യമായി 17 വനിതകള്‍ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നു എന്നതാണ്. വനിതകളടക്കം 339 കേഡറ്റുകളാണ് ഈ ബാച്ചിലുള്ളത്.
2021 മുതലാണ് യുപിഎസ്‌സി നടത്തുന്ന എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ അപേക്ഷിക്കാനും അഡ്മിഷന്‍ എടുക്കാനും വനിതകള്‍ക്കും അവസരം ലഭിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നാഷനല്‍ ഡിഫന്‍സ് അക്കാദമയില്‍ വനിതകളെയും പ്രവേശിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ്, ബിരുദപഠനവും ചിട്ടയായ സൈനിക പരിശീലനവുമാണ് വിദ്യാര്‍ഥികള്‍ക്ക് എന്‍ഡിഎയില്‍ ലഭിക്കുക. ഇന്ത്യന്‍ സൈന്യത്തിലേക്ക് ഇതുവരെ 40,000 ഉദ്യോഗസ്ഥരെ സംഭാവന ചെയ്തിട്ടുണ്ട് പുണെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി.