പാക്ക് ചാരന്മാർക്ക് വിവരം കൈമാറിയതിന് അറസ്റ്റിലായി യൂട്യൂബർ ജ്യോതി മൽഹോത്ര പാക്ക് ബന്ധം സമ്മതിച്ചതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഇന്ത്യയിലെ ബ്ലാക്ക് ഔട്ട് അടക്കം നിർണായക വിവരങ്ങൾ ജ്യോതി പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി പങ്കിട്ടിരുന്നു. പാക്ക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായി നിരന്തര ബന്ധം പുലർത്തിയിരുന്നതായും അവർ സമ്മതിച്ചു.
ജ്യോതിയുടെ വാട്സാപ്പ് ചാറ്റിലും ഡയറിയിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജ്യോതി മൽഹോത്രയും ഐഎസ്ഐ ചാരൻ ഹസൻ അലിയും തമ്മിലുള്ള ചാറ്റ് ആണ് പുറത്തുവന്നത്. പാക്കിസ്ഥാനിൽ വിവാഹം നടത്തണമെന്ന കാര്യമാണ് ജ്യോതി ചാറ്റിൽ പറയുന്നത്. നീ എപ്പോഴും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു, പുഞ്ചിരിച്ചുകൊണ്ടിരിക്കട്ടെ, ജീവിതത്തിൽ ഒരിക്കലും നിരാശയുണ്ടാകാതിരിക്കട്ടെ എന്നാണ് ഹിന്ദിയിലുള്ള മറുപടി.
ഇന്ത്യയുടെ രഹസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കോഡ് സംഭാഷണങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റുകളിലുണ്ട്. എന്നാൽ പല ചാറ്റുകളും ജ്യോതി ഡിലീറ്റ് ചെയ്തിരുന്നു. നിലവിൽ ഇവരുടെ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജ്യോതിക്ക് നാല് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ ഒന്നിൽ ദുബായിൽ നിന്നുള്ള പണമിടപാട് വിവരങ്ങളുണ്ട്. എവിടെ നിന്നെല്ലാം പണം സ്വീകരിച്ചു എന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തുകയാണ് അന്വേഷണ സംഘം.
ഡയറിയിലെ വിവരങ്ങളിലും പാക്കിസ്ഥാനോടുള്ള സ്നേഹം കാണിക്കുന്നുണ്ട്. പാക്കിസ്ഥാൻ യാത്ര സ്നേഹം നിറഞ്ഞതായിരുന്നു. സബ്സ്ക്രൈബേഴ്സിന്റെ സ്നേഹം ലഭിച്ചു എന്നാണ് ഡയറിയിലെ ഒരു വാചകം. ലാഹോറിലെത്താൻ, റിക്ഷാ കൂലിക്ക് 20 രൂപ ലഭിച്ചു. വാഗ അതിർത്തിയിൽ, ഞാൻ വികാരാധീനയായി. അതിർത്തിയിലെ വേലികൾ ദുർബലമാണ്. ഇന്ത്യക്കാരെ സ്വതന്ത്രമായി പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുവദിക്കണം എന്ന് പാക്കിസ്ഥാന‍് സർക്കാറിനോട് അഭ്യർഥിക്കുന്നു എന്നിങ്ങനെയാണ് ജ്യോതി എഴുതിയിരിക്കുന്നത്.
രണ്ട് തവണയാണ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചത്. 2023-ൽ പാക്കിസ്ഥാൻ വിസയ്ക്കുള്ള അപേക്ഷയ്ക്കിടെ ഹൈക്കമ്മീഷനിൽ നിന്നാണ് ജ്യോതി ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടത്. പാക്കിസ്ഥാനിലെത്തിയപ്പോൾ ഡാനിഷ് വഴി അലി ഹസ്സൻ എന്നയാളെ പരിചയപ്പെട്ടു. താമസവും യാത്രാസൗകര്യങ്ങളും ഏർപ്പാടാക്കിയത് ഇയാളാണ്.