ന്യായാധിപന്‍മാര്‍ക്കും നീതി ലഭിക്കുന്നില്ലേ എന്നൊരു ചോദ്യമുയര്‍ത്തുന്ന സംഭവമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ‘ദൈവം പൊറുക്കുകയുമില്ല, മറക്കുകയുമില്ല’... ഈ വാക്കുകളുരുവിട്ടായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദുപ്പാല വെങ്കിട്ട രമണ യാത്രയയപ്പു ദിനത്തില്‍ സംസാരം ആരംഭിച്ചത്. തനിക്കു ലഭിക്കാതെ പോയ നീതിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കടുത്ത വേദനയോട് കൂടിയാണ് ജസ്റ്റിസ് രമണ സംസാരിച്ചത്.
‘ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ നിന്നും ഒരു കാരണവുമില്ലാതെ തന്നെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി, തനിക്ക് അസൗകര്യമുണ്ടെന്നും കര്‍ണാടകയിലേക്കാണെങ്കില്‍ സൗകര്യപ്രദമെന്ന് അറിയിക്കുകയും ചെയ്തു. തലച്ചോറുമായി ബന്ധപ്പെട്ട ഗുരുതര രോഗം ബാധിച്ച വ്യക്തിയാണ് തന്‍റെ ഭാര്യയെന്നും അവര്‍ക്ക് നല്ല ചികിത്സ നല്‍കാനായാണ് താന്‍ ആ ആവശ്യമുന്നയിച്ചതെന്നും ജസ്റ്റിസ് പറയുന്നു. എന്നാല്‍ ഒരു ഭര്‍ത്താവിന്‍റെ വൈകാരികവും അനിവാര്യവുമായ ആവശ്യം പോലും സുപ്രീംകോടതി തള്ളുകയായിരുന്നുവെന്നും ജസ്റ്റിസ് രമണ പറഞ്ഞു. തന്‍റെ ആവശ്യത്തോട് തീര്‍ത്തും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ഭാര്യയുടെ ഗുരുതരമായ ആരോഗ്യാവസ്ഥ പറഞ്ഞ് 2024 ജൂലൈ 19നും, പിന്നീട് ഓഗസ്റ്റ് 28നും താന്‍ അപേക്ഷ അയച്ചുവെന്നും എന്നാലത് അവഗണിക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് പറയുന്നു. ഒരു ന്യായാധിപനായ തന്‍റെ നേര്‍ക്കുപോലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാത്തില്‍ കടുത്ത വേദനയനുഭവപ്പെട്ടെന്നും അദ്ദേഹം പറയുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അല്‍പം കൂടി കരുണയുള്ളവനായിരിക്കാമെന്നും എന്നാല്‍ തന്‍റെ കാര്യത്തില്‍ വൈകിപ്പോയെന്നും ജസ്റ്റിസ് രമണ പറയുന്നു. സ്വന്തം നാട്ടില്‍ നിന്നും അസൗകര്യമുള്ള സമയത്ത് കിട്ടിയ ട്രാന്‍സ്ഫര്‍ തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ മാത്രമുള്ളതായിരുന്നുവെന്നും അവരുടെ ഈഗോ നടപ്പായതില്‍ താന്‍ സന്തോഷവാനാണെന്നും ജസ്റ്റിസ് രമണ യാത്രയയപ്പു യോഗത്തിനിടെ പറഞ്ഞു. തന്നെ ഉപദ്രവിച്ചവര്‍ ഇന്ന് വിരമിച്ചു, പക്ഷേ താന്‍ അനുഭവിച്ചതുപോലെ മറ്റേതെങ്കിലും തലത്തില്‍ അവരും അനുഭവിക്കുമെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കുന്നു.