നിയമപരമായ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ആരെയും വഖഫ് ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റജിസ്റ്റര്‍ ചെയ്ത ഒരു വഖഫും അത് അല്ലാതെയാകില്ല. റവന്യൂ അന്വേഷണം നടക്കുമ്പോള്‍ വഖഫ് പദവി നഷ്ടമാകുമെന്നത് കോടതിക്ക് ഒഴിവാക്കാമെന്നും ഭേദഗതി നിയമത്തിനെതിരായി വന്ന ഹര്‍ജികള്‍ പരിഗണിക്കവേ കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. അതേസമയം, വഖഫ് നല്‍കിയതില്‍സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും കേന്ദ്രം നിലപാടെടുത്തു.
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് എ.ജി.മാസി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കൽ തുടരുന്നത്. വാദം പൂര്‍ത്തിയായാല്‍ ഇടക്കാല ഉത്തരവുണ്ടാകും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. വഖ്ഫ് ബോർഡിൽ മുസ്ലിം ഇതര മതസ്ഥരെ നിയമിക്കുന്നതും വഖഫ് നൽകാൻ അഞ്ചുവര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാർ ഇന്നലെ വാദിച്ചിരുന്നു. ഭേദഗതി നിയമത്തിന്റെ 11 വകുപ്പുകള്‍ നിയമ വിരുദ്ധമാണെന്നും ഹര്‍ജിക്കാർ വാദിച്ചിരുന്നു. എന്നാല്‍ ഭേദഗതിയില്‍ പ്രശ്‌നങ്ങളില്ലെന്നും നിയമം സ്റ്റേ ചെയ്യരുതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.