ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നിരീക്ഷണക്കപ്പലിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഇന്ത്യ. നിലവില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് കപ്പലുണ്ടെന്നാണ് വിവരം. ചൈനയുടെ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് സര്‍വേ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ കപ്പലിന് കഴിയും. കടലിന്‍റെ അടിത്തട്ടില്‍ ഇറങ്ങി പരിശോധന നടത്താന്‍ കഴിയുന്ന പ്രത്യേക പേടകവും കപ്പലിലുണ്ട്. കപ്പലിന്‍റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ ചൈനയുടെ ഒരു ചാരക്കപ്പലിനും ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്കന്‍ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരബന്ധം സംശയിക്കുന്ന രണ്ടുപേരെ ആയുധശേഖരവുമായി പിടികൂടി. രണ്ട് പിസ്റ്റളുകള്‍, നാല് ഹാൻഡ് ഗ്രനേഡുകള്‍, 43 തിരകള്‍ എന്നിവ പിടിച്ചെടുത്തു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്. ഏത് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്നതിൽ വ്യക്തതയില്ല. പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
വെടിനിര്‍ത്തലിന് ശേഷവും ഇന്ത്യ – പാക്കിസ്ഥാന്‍ സൈനിക ചര്‍ച്ച തുടരാന്‍ ഇരുപക്ഷങ്ങളും തീരുമാനിച്ചു. അടുത്ത ഡിജിഎംഒ തല ചര്‍ച്ചയില്‍ സൈനിക വിന്യാസം കുറയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പരസ്പരം ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. പാക്കിസ്ഥാനുമായുള്ള ധാരണ തുടരുമ്പോള്‍ തന്നെ അതിര്‍ത്തികളില്‍ ജാഗ്രത തുടരുകയാണ് സൈന്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഡിജിഎംഒ തല ചര്‍ച്ചകള്‍ മാത്രമെ തല്‍ക്കാലമുണ്ടാവുകയുള്ളു. അതിനിടെ, അതിർത്തിയിലെ സംഘർഷങ്ങൾക്കുശേഷം ജമ്മു ഡിവിഷനിലെ ശേഷിച്ച സ്കൂളുകൾ തുറന്നു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി വിദേശകാര്യവുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വിശദീകരിക്കും. വൈകിട്ട് നാലുമണിക്കാണ് ശശി തരൂര്‍ അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം.