All-party meeting on Operation Sindoor (File Image)
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന സര്‍വകക്ഷി സംഘത്തിലെ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടു. തരൂര്‍ നയിക്കുന്ന സംഘം യുഎസ്എ, പനാമ, ബ്രസീല്‍, കൊളംബിയ, ഗുയാന രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ സംഘത്തിലാണ് ജോണ്‍ ബ്രിട്ടാസുള്ളത്. ഈജിപ്ത്, എത്യോപ്യ, ഖത്തര്‍, സൗത്ത് ആഫ്രിക്ക സംഘത്തില്‍ വി.മുരളീധരന്‍. ഇ.ടി. മുഹമ്മദ് ബഷീര്‍ യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോണ്‍ സംഘത്തില്‍.
അംഗങ്ങളുടെ പട്ടികയില്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കാത്ത നേതാക്കളുമുണ്ട്. സല്‍മാന്‍ ഖുര്‍ഷിദ്, ആനന്ദ് ശര്‍മ്മ, അമര്‍ സിങ്, മനീഷ് തിവാരി എന്നിവരാണ് സംഘത്തിലുള്ളത്. കോണ്‍ഗ്രസ് നിര്‍ദേശിച്ച ഗൗരവ് ഗൊഗോയ്, നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. അതേസമയം സംഘം അടുത്തയാഴ്ച സന്ദര്‍ശനം തുടങ്ങും. ഓരോ സംഘത്തിന്‍റെയും സന്ദര്‍ശനം 10 ദിവസംവരെ നീളും. പുറപ്പെടും മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരായ രാജ്യത്തിന്‍റെ നിലപാട് വിശദീകരിക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.