പാക്കിസ്ഥാന്‍ വിട്ടയച്ച ബിഎസ്എഫ് ജവാനെ, കസ്റ്റഡിയിലായിരിക്കുമ്പോള്‍ പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ സ്വദേശിയായ ജവാന്‍ പി.കെ.ഷായെ രാത്രി വൈകിയും ചോദ്യംചെയ്തുവെന്നാണ് വിവരം. നിലവില്‍ ബിഎസ്എഫ് കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജവാനുള്ളത്. ഉടന്‍ വീട്ടുകാരെ കാണാന്‍ അനുവാദം നല്‍കിയേക്കും. കേന്ദ്ര ഏജന്‍സികളും ബിഎസ്എഫ് ജവാനില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.
പഞ്ചാബിലെ അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചേഴ്സ് കസ്റ്റഡിയെടുത്ത ബിഎസ്എഫ് ജവാന്‍ പി.കെ.ഷായെ ഇരുപത്തിയൊന്നാം നാളാണ് മോചിപ്പിച്ചത്. പഞ്ചാബ് ഫിറോസ്പൂരിലെ രാജ്യാന്തര അതിര്‍ത്തി അബദ്ധത്തില്‍ കടന്നതിനെ തുടര്‍ന്നാണ് പി.കെ.ഷായെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ വിളവെടുക്കുകയായിരുന്ന കര്‍ഷകര്‍ക്ക് കാവല്‍ നിന്ന ജവാന്‍ ക്ഷീണം കാരണം സമീപത്തെ മരച്ചുവട്ടിലിരിക്കുമ്പോഴാണ് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ജവാന്‍റെ മോചനം നീണ്ടതോടെ കുടുബാംഗങ്ങള്‍ പഞ്ചാബിലെത്തിയിരുന്നു.