ബില്ലുകള്‍ ഒപ്പിടുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച വിധിയില്‍ സുപ്രീംകോടതിയോട് വ്യക്തത തേടി രാഷ്ട്രപതി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്നുമാസത്തെ സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. രാഷ്ട്രപതിക്ക് സുപ്രീംകോടതി രേഖാമൂലം മറുപടി നല്‍കും. അപൂര്‍വ നടപടിയാണ് രാഷ്ട്രപതിയുടേത്.
ഭരണഘടനയുടെ അനുച്ഛേദം 143 (1) അനുസരിച്ച് സുപ്രീംകോടതിയില്‍നിന്ന് വ്യക്തത തേടിയാണ് രാഷ്ട്രതി 14 ചോദ്യങ്ങള്‍ നല്‍കിയത്. ബില്ലുകളില്‍ ഒപ്പിടാന്‍ ഭരണഘടന രാഷ്ട്രപതിക്കോ, ഗവര്‍ണര്‍മാര്‍ക്കോ സമയപരിധി നിശ്ചയിച്ചിട്ടില്ല. ഭരണഘടനയില്‍ വ്യവസ്ഥ ഇല്ലാതിരിക്കെ, എങ്ങനെയാണ് സുപ്രീംകോടതിക്ക് ഇത്തരമൊരു ഉത്തരവിടാനാവുക എന്ന് രാഷ്ട്രപതി ചോദിക്കുന്നു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബാധകമായിട്ടുള്ള ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരം ബില്ലുകള്‍ പരിഗണിക്കാന്‍ സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഇക്കാരണം ഉന്നയിച്ചാണ് രാഷ്ട്രപതിയുടെ അത്യപൂര്‍വ നടപടി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതി സുപ്രീംകോടതിയില്‍നിന്ന് വ്യക്തത ആവശ്യപ്പെട്ടത്.
ബില്ലിന്മേല്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം ഭരണഘടനാ സാധ്യതകളുണ്ടെന്നും ബില്ലുകള്‍ ഒപ്പിടുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം പാലിക്കണമോ എന്നും വ്യക്തമാക്കണം. ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടോയെന്നും ഗവര്‍ണറുടെ അധികാരം സുപ്രീംകോടതിക്ക് പരിശോധിക്കാനാകുമോയെന്നും വിശദീകരിക്കണം. ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്ലിന് നിയമപ്രാബല്യം നല്‍കാനാകുമോ എന്നതിലും വ്യക്തത വരുത്തണം. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസില്‍ ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചത്.