.
അരുണാചലിലെ സ്ഥലങ്ങള്‍ക്ക് േപരിടുന്ന ചൈനയുടെ നടപടി തള്ളി ഇന്ത്യ. പേരുമാറ്റം യാഥാര്‍ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം. വ്യര്‍ഥവും അസംബന്ധവുമായ ശ്രമങ്ങളാണ് ചൈനയുടേതെന്നും വിമര്‍ശനം. ‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ചൈനയിടുന്ന പേരുകൾ ഈ യാഥാർഥ്യം മാറ്റില്ല’ –വിദേശകാര്യ വക്താവ് രണ്‍ധീർ ജെയ്സ്വാള്‍ പറഞ്ഞു. 2024-ൽ, ചൈന അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയിരുന്നു, അതിനെയും ഇന്ത്യ ശക്തമായി തള്ളിയിരുന്നു.
അതേസമയം, വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ സുരക്ഷ കൂട്ടി. വാഹനവ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചു. ഇന്ത്യ – പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍, സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. നിലവില്‍ സിആര്‍പിഎഫിന്‍റെ സെഡ് കാറ്റഗറി സുരക്ഷയാണ് ജയശങ്കറിനുള്ളത്. രാജ്യംമുഴുവന്‍ വിദേശകാര്യമന്ത്രിക്ക് ഒരേ സുരക്ഷ ലഭിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് ‘വൈ’ കാറ്റഗറിയില്‍നിന്ന് ‘സെഡ്’ കാറ്റഗറിയിലേക്ക് സുരക്ഷ കൂട്ടിയത്. സിആര്‍പിഎഫിന്‍റെ 12 അംഗ കമാന്‍ഡോ സംഘം 24 മണിക്കൂറും വിദേശകാര്യമന്ത്രിക്കൊപ്പമുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമ എന്നിവര്‍ക്കെല്ലാം സിആര്‍പിഎഫാണ് സുരക്ഷയൊരുക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാൻ വ്യോമസേനയുടെ 20 % അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. എഫ്-16, ജെ-17 ഉൾപ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങളും തകർന്നു. സ്ക്വാഡ്രൺ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ അമ്പതിലധികംപേര്‍ കൊല്ലപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ സുരക്ഷാ സമിതി യോഗം ഇന്ന്. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും. ജമ്മു കശ്മീരിൽ സ്ഥിതി ശാന്തമാണ്. ഇന്നലെ ഷെൽ ആക്രമണമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. ജന ജീവിതം സാധാരണ നിലയിലാണ്.