കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷായെ തള്ളി പാര്‍ട്ടി നേതൃത്വം. സോഫിയ ഖുറേഷി ഇന്ത്യന്‍ യുവതലമുറയുടെ മാതൃകയെന്ന് ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് പ്രതികരിച്ചു.
അതേസമയം, കേണല്‍ സോഫിയയ്ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ ഇന്നുതന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.
'ഏഴുദിവസത്തെ വാര്‍ത്ത സമ്മേളനം കൊണ്ട് മാത്രമല്ല, ജിവീതം കൊണ്ടും കുടുംബ പാരമ്പര്യം കൊണ്ടും വഡേദരയുടെ മകളും ബെ്ല്‍ഗവിയുടെ മരുമകളും ഭാരതത്തിന്‍റെ അഭിമാനവുമാണ് സോഫിയ ഖുറേഷി' എന്നാണ് ബി.എല്‍. സന്തോഷ് എക്സില്‍ കുറിച്ചത്.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം അപലപനീയമെന്ന് ദേശീയ വനിതാ കമ്മിഷന്‍ സമൂഹ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. സോഫിയ ഖുറേഷി രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച മകളാണെന്നും ഉത്തരവാദിത്തപ്പെട്ട ചില വ്യക്തികള്‍ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും കമ്മിഷന്‍ വ്യക്തമാക്കി. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
'ഭീകരവാദികളുടെ സഹോദരി' എന്നാണ് സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത്. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നതോട പ്രസംഗത്തെ വളച്ചൊടിച്ചതാണെന്ന് മന്ത്രിയുടെ വിശദീകരണം. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സോഫിയ ഖുേറഷിയുടെ കുടുംബത്തിന്‍റെ മതം ചികയുന്നത് അങ്ങേയറ്റം അപലപനീയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.