ജമ്മുകശ്മീരിലെ ആർഎസ് പുര സെക്ടറിൽ ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച പിതാവ് സുരേന്ദ്ര മോഗയെ കുറിച്ച് സംസാരിക്കവേ വികാരാധീനയായി മകള്‍ വര്‍ത്തിക മോഗ. ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി മരിച്ച അച്ഛനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വര്‍ത്തിക പറഞ്ഞു. വലുതാകുമ്പോള്‍ താനും അച്ഛനെ പോലെ സൈന്യത്തില്‍ ചേരുമെന്നും പട്ടാളക്കാരിയായി പാക്കിസ്ഥാനോട് പ്രതികാരം ചെയ്യുമെന്നും വര്‍ത്തിക മാധ്യമങ്ങളോട് പറഞ്ഞു.
'ശത്രുക്കളെ കൊന്നൊടുക്കുകയും രാജ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടയിൽ അച്ഛന്‍ വീരമൃത്യു വരിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. സംഭവ ദിവസം രാത്രി ഒന്‍പത് മണിയോടെ അച്ഛനുമായി സംസാരിച്ചപ്പോഴും ഡ്രോണുകൾ പറക്കുന്നുണ്ടെങ്കിലും ആക്രമിക്കുന്നില്ലെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. പാക്കിസ്ഥാനെ പൂർണ്ണമായും അവസാനിപ്പിക്കണം. വലുതാവുമ്പോള്‍ ഞാനും അച്ഛനെ പോലെ ഒരു സൈനികയാവും, അദ്ദേഹത്തിന്‍റെ മരണത്തിന് പ്രതികാരം ചെയ്യും. അവരെ ഒന്നൊന്നായി ഇല്ലാതാക്കും,' കണ്ഠമിടറിയെങ്കിലും ഉറച്ച ശബ്ദത്തില്‍ വര്‍ത്തിക പറഞ്ഞു.
ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് 36കാരനായ സാർജന്റ് സുരേന്ദ്ര മൊഗെ വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ഞായറാഴ്ച രാജസ്ഥാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ ജുൻജുനുവിലേക്ക് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ അന്ത്യകർമങ്ങൾക്കായി കൊണ്ടുവന്നു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഏഴുവയസുകാരനായ മകന്‍ ദക്ഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു. വര്‍ത്തികയ്ക്കാണ് ദേശീയ പതാക കൈമാറിയത്. കരഞ്ഞുതളര്‍ന്ന ഭാര്യ സീന വിറയ്ക്കുന്ന കൈകളോടെ മോഗയ്ക്ക് അവസാന സല്യൂട്ട് നല്‍കി.