ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ന്യൂ നോര്‍മലാണെന്നും ഇന്ത്യ പാക്കിസ്ഥാന് പുതിയ ലക്ഷ്മണരേഖ വരച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ആദംപൂരിലെ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. ഇന്ത്യ ഒരുതരത്തിലുള്ള ആണവായുധ ഭീഷണിക്കും വഴങ്ങില്ല. ഇനിയുണ്ടാകുന്ന ഓരോ ആക്രമണത്തോടും ശക്തമായി തിരിച്ചടിക്കും. ഭീകരരും അവരുടെ സ്പോണ്‍സര്‍മാരും തമ്മില്‍ വ്യത്യാസമില്ല. ഇന്ത്യയുടെ ഭീകരതയ്ക്ക് എതിരായ നയം പുനര്‍നിര്‍വചിച്ചെന്നും മോദി പറഞ്ഞു. ഭാരത് മാതാ കി ജയ് എന്ന് വിളിച്ചതിന് ശേഷമായിരുന്നു സൈനികരെ അഭിസംബോധന ചെയ്തത്.
വ്യോമയോദ്ധാക്കള്‍ ഇന്ത്യയുടെ അഭിമാനം. അതിനാലാണ് നിങ്ങളെ കാണാനെത്തിയത്. ധീരസൈനികര്‍ ഇന്ത്യയെ അഭിമാനപൂരിതരാക്കി. സായുധസേനയ്ക്കും ബി.എസ്.എഫിനും സല്യൂട്ട്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സിന്ദൂരം ഭീകരരെ തകര്‍ത്തു. പാക് സേനയും ഇന്ത്യയുടെ പോരാട്ടവീര്യമറിഞ്ഞു. പാക് യു.എ.വി, ഡ്രോണ്‍, യുദ്ധവിമാനം, മിസൈല്‍ ഇവയെല്ലാം ഇന്ത്യ തകര്‍ത്തു. പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കിയതും മോദി പരാമര്‍ശിച്ചു.