കശ്മീര്‍ നയത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രാലയം . വെടിനിര്‍ത്തല്‍ ധാരണ ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് സാധ്യമായത്.  ഇന്ത്യ, പാക് ഡി.ജി.എം.ഒമാരാണ് ചര്‍ച്ച നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മാത്രമേയുള്ളു.  പാക് അധീന കശ്മീര്‍ വിട്ടുകിട്ടുക എന്നതാണ് അവശേഷിക്കുന്ന കാര്യം. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയത് തുടരും. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ തിരിച്ചടിക്കും. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്  ഇന്ത്യ– യുഎസ് നേതാക്കള്‍ സംസാരിച്ചിരുന്നു. എന്നാല്‍  വ്യാപാര കരാര്‍ ചര്‍ച്ചയായിട്ടില്ല.  പൊതുവേദികളിലെ അതേ സന്ദേശംതന്നെയാണ് മറ്റു രാജ്യങ്ങളെയും അറിയിച്ചതെന്നു വിദേശകാര്യവക്താവ്  വ്യക്തമാക്കി

Read Also: ‘ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ന്യൂ നോര്‍മല്‍’

അതേസമയം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ തുടര്‍നിലപാട് തീരുമാനിക്കാന്‍ നാളെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി യോഗം ചേരും.   പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.  70 രാജ്യങ്ങളുടെ മിലിറ്ററി അറ്റാഷെമാരെ പ്രതിരോധമന്ത്രാലയം സാഹചര്യം അറിയിച്ചു. വിദേശ്യകാര്യ പാർലമെൻ്ററി സമിതിയില്‍‌ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യും.  പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം ശക്തമാക്കി.

വെടിനിര്‍ത്തല്‍ തുടരാന്‍ സൈനികതല ചര്‍ച്ചയില്‍ ധാരണയായെങ്കിലും ഇന്ത്യ പാക് സംഘര്‍ഷാന്തരീക്ഷം ഒഴിയാത്ത സാഹചര്യത്തിലാണ് നാളെ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതി യോഗം ചേരുന്നത്.  ഇന്ന് ദേശിയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയിരുന്നു.  ഇന്നലെയും അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കെ പ്രതിരോധമന്ത്രി സംയുക്ത സൈനിക മേധാവിയെയും മൂന്നുസേന മേധാവിമാരെയും കണ്ട് അതിര്‍ത്തിയിലെ സുരക്ഷ അവലോകനംചെയ്തു.  വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സേനകള്‍ക്കുള്ള നിര്‍ദേശം.

സംഘര്‍ഷത്തിലെ ഇന്ത്യയുടെ നിലപാടും പാകിസ്ഥാന്‍റെ സമീപനവും ഡൽഹിയിലുള്ള, വിദേശരാജ്യങ്ങളിലെ മിലിറ്ററി അറ്റാഷെമാരോട് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. പ്രത്യേക യോഗത്തില്‍ 70 രാജ്യങ്ങളുടെ അറ്റാഷെമാര്‍ പങ്കെടുത്തു.  ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ മാസം 19 ന് ഓപ്പറേഷന്‍ സിന്ദൂര്‍  വിശദീകരിക്കും. യുഎസ് മധ്യസ്ഥതയെക്കുറിച്ചുള്‍പ്പെടെ പ്രധാനമന്ത്രി വിശദീകരിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.  വാജ്‌പേയി സർക്കാർ കാർഗിൽ അവലോകന സമിതി രൂപീകരിച്ചതുപോലുള്ള നടപടി സ്വീകരിക്കുമോയെന്നും കോൺഗ്രസ് ചോദിച്ചു. ഓരോ തവണയും ഭീകരാക്രമണമുണ്ടാകുമ്പോൾ കോണ്‍ഗ്രസ് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

പാര്‍ലമെന്‍റിന്‍റെ പതിവ് സെഷനുകളില്‍ പങ്കെടുക്കാത്ത രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേക  സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ENGLISH SUMMARY:

'Vacate Illegally Occupied Kashmir': India Says Demand Will Never Change