indigo-flight
  • ജമ്മുവിലുള്‍പ്പടെ എത്തിയത് നിരീക്ഷണ ഡ്രോണ്‍
  • ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി
  • പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നേക്കും

ഇന്ത്യയും പാക്കിസ്ഥാനുമായി എത്തിയ ധാരണ പ്രകാരമുള്ള വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സൈന്യം. ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ കണ്ടെത്തിയ സാംബയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. രാത്രിയില്‍ വെടിവയ്പോ ഷെല്ലാക്രമണമോ ഉണ്ടായിട്ടില്ലെന്നെന്നും ജമ്മുവില്‍ ഉള്‍പ്പടെ ഇന്നലെ എത്തിയത് നിരീക്ഷണ ഡ്രോണുകളെന്നും സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കാനാണ് പാക് തീരുമാനമെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡിജിഎംഒമാരുടെ ഹോട്​ലൈന്‍ ചര്‍ച്ചയിലും ഇന്ത്യ അറിയിച്ചിരുന്നു. 

അതേസമയം, ഇന്നലെ ഡ്രോണുകള്‍ കണ്ട പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. അമൃത്​സര്‍, ജമ്മു, ലേ, ശ്രീനഗര്‍, രാജ്കോട്ട്, ജോധ്പുര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും നിര്‍ത്തിവച്ചത്. 

അതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനും പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും പിന്നാലെ പ്രതിപക്ഷം ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. യുഎസ് മധ്യസ്ഥതക്കും നിഷ്പക്ഷ മേഖലയിലെ ചർച്ചക്കും  ഇന്ത്യ സമ്മതിച്ചോ,  ഇന്ത്യൻ വിപണി തുറക്കണമെന്ന യുഎസ് ആവശ്യത്തിന് വഴങ്ങിയോ, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ച് മറുപടി നൽകണമെന്നാണ് പ്രതിപക്ഷ ആവശ്യം. കശ്മീരിലേക്കുള്ള ബാഹ്യ ഇടപെടലിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന ജനങ്ങളുടെ ആശങ്കയ്ക്ക് സർക്കാർ വിരാമമിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ - അമേരിക്ക വ്യാപാരം ചർച്ചയായിട്ടില്ലെന്നാണ് വിദേശ മന്ത്രാലയ വൃത്തങ്ങളുടെ മറുപടി. അതേസമയം  ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ജനങ്ങളിലെത്തിക്കാനായുള്ള ബിജെപിയുടെ രാജ്യവ്യാപക തിരംഗ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. 10 ദിവസം നീണ്ട് നില്‍ക്കുന്നതാണ് യാത്ര.

ENGLISH SUMMARY:

The Indian Army confirmed that the ceasefire agreement with Pakistan is currently being observed. No firing or shelling was reported in Samba, where a drone was spotted last night. Surveillance drones were seen in Jammu and nearby areas, with close monitoring underway.Flight services to six airports including Jammu, Amritsar, and Srinagar have been temporarily suspended.