ജമ്മു-കശ്മീര്‍ ബാരാമുള്ള കാര്‍ഷിക സര്‍വകലാശാലയിൽ കുടുങ്ങിയ മലയാളി വിദ്യാര്‍ഥിനികൾ രാജ്യതലസ്ഥാനത്തേക്ക്. കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരുക്കിയ ജമ്മുകശ്മീർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലാണ് വിദ്യാർഥികൾ സംഘർഷ ഭൂമി കടന്നത് . യാത്രക്കായി എല്ലാവരും നൽകിയ സഹായം വിലമതിക്കാനാകാത്തതെന്ന് വിദ്യാർഥി ഫാത്തിമ പറഞ്ഞു.
ശനിയാഴ്ച ബാർമുള്ളയിൽ ശക്തമായ പാക് ആക്രമണം തുടരുമ്പോഴാണ് ഫാത്തിമ ഹോസ്റ്റലിൽ നിന്ന് മനോരമ ന്യൂസിനോട് സംസാരിച്ചത്. പ്രദേശത്തെ ഭയാനകമായ സ്ഥിതി വിവരിച്ചു. നാട്ടിലേക്ക് മടങ്ങാനാകാത്ത ബാരാമുള്ള കാര്‍ഷികസര്‍വകലാശാലയിലെ 21 മലയാളി വിദ്യാർത്ഥികളുടെ നിസ്സഹായാവസ്ഥ അതിനു മുൻപേ ഫാത്തിമ അറിയിച്ചിരുന്നു. ഇതുകേട്ട കെ.സി.വേണുഗോപാൽ എംപി ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി സംസാരിച്ചു. തുടർന്നാണ് ജമ്മുകശ്മീർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് വിട്ടു കിട്ടിയത്. തുടർന്നുള്ള നീക്കങ്ങൾക്ക് ജമ്മുകശ്മീർ യൂത്ത് കോൺഗ്രസ് ചുക്കാൻ പിടിച്ചു.
വിമാനത്താവളം അടയ്ക്കുകയും റെയിൽവേ സ്റ്റേഷനിലേക്കുള്ള മണിക്കൂറുകൾ നീണ്ട യാത്രയുമാണ് മടക്കത്തിന് വിഘാതമായിരുന്നത്. ദിവസങ്ങൾ നീണ്ട ഭയപ്പാടിനൊടുവിലാണ് ബസ്സിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അങ്ങനെ കാതടപ്പിക്കുന്ന സ്ഫോടന ശബ്ദങ്ങളുടെ അന്തരീക്ഷത്തിൽ നിന്നും ഫാത്തിമയും സുഹൃത്തുക്കളും പുറത്ത് വന്നിരിക്കുകയാണ്. ഡൽഹിയിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ ഇവർ കേരളത്തിലേക്ക് മടങ്ങും