air-marshal-ak-bharti-lt-general-rajiv-ghai-vice-ad-an-pramod-major-gen-ss-sharda

ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി.

മുരിദ്കെയിലെ ലഷ്കർ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മൽ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒൻപതിലധികം ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുൾ റൗഫ് ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു.

സൈന്യം ഭീകരകേന്ദ്രങ്ങൾ തകർത്തതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സൈന്യം മാധ്യമങ്ങൾക്ക് നൽകി. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം പാക്കിസ്ഥാൻ നൽകി. ഇതിനെ തുടർന്ന് ഇന്ത്യ തിരിച്ചടി ശക്തമാക്കുകയും പാക്കിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു. ഡ്രോൺ ആക്രമണം നടക്കുമ്പോൾ പാക്കിസ്ഥാൻ യാത്രാവിമാനങ്ങൾ പറത്തിയെന്നും ഇന്ത്യൻ വ്യോമത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. എട്ടാം തീയതിയിലെ പാക് വ്യോമകേന്ദ്രങ്ങളിലെ തിരിച്ചടി ഇതിന് തെളിവാണ്. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരിക്കാനുള്ള തിരിച്ചറിവ് പാക്കിസ്ഥാൻ കാണിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

India's Operation Sindoor precisely targeted terrorist camps, not civilians, according to the DGMO. Over nine camps were destroyed, including the Lashkar-e-Taiba facility that trained Ajmal Kasab. More than 100 terrorists, including Abdul Rauf, were killed. The Army released before-and-after images of the strikes, asserting the retaliation was necessary and controlled, in response to Pakistan's provocation and attacks near civilian areas.