ഇന്ത്യ - പാക് സംഘർഷങ്ങൾക്കിടെ തെറ്റിദ്ധാരണയും ഭിന്നിപ്പും ഉണ്ടാക്കാൻ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ തിരിച്ചറിയണമെന്ന് കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പ്. ശത്രു രാജ്യത്തിൻറെ യുദ്ധതന്ത്രങ്ങളുടെ ഭാഗം കൂടിയാണിതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു.
ഇന്ത്യ പാക്ക് സംഘർഷം രൂക്ഷമാകും തോറും എണ്ണിയാൽ ഒടുങ്ങാത്ത വ്യാജ പ്രചാരണങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇതിൽ വീണു പോകരുതെന്ന് രാജ്യത്തെ പൗരന്മാരോട് ഓരോ മിനിറ്റിലും ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ.
പാക് സൈബർ ആക്രമണത്തിൽ ഇന്ത്യൻ വൈദ്യുതി ഗ്രിഡിന്റെ 70% പ്രവർത്തനരഹിതമായി എന്ന വാർത്ത തെറ്റാണ്. ഡൽഹി-മുംബൈ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം. ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർന്നു എന്ന വാർത്തയും വ്യാജമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പാക് ഡ്രോണുകൾ ഡൽഹിക്ക് മുകളിൽ എന്നും സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. നങ്കന സാഹിബ് ഗുരുദ്വാരയിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ കള്ളപ്രചാരണത്തിന്‍റെ ഭാഗമാണ്.
ജയ്പൂർ വിമാനത്താവളത്തിൽ സ്ഫോടന ശബ്ദം കേട്ടെന്ന അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണ്. ശ്രീനഗർ വിമാനത്താവളത്തിന് ചുറ്റുമായി 10 സ്ഫോടന ശബ്ദങ്ങൾ കേട്ടന്ന അൽജസീറ വാർത്തയും തെറ്റാണ്. ഇന്ത്യൻ സൈനികർ കരയുന്നതും പിൻവാങ്ങുന്നതുമായിട്ടുള്ള വീഡിയോകൾ യഥാർത്ഥമല്ല. വനിത വ്യോമസേന പൈലറ്റിനെ പാക്കിസ്ഥാൻ പിടികൂടി എന്ന വാർത്തയും കള്ളമാണ്.