ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണം. ജമ്മുവില്‍ തുടര്‍ച്ചയായി അപായ സൈറനുകള്‍ മുഴങ്ങുന്നു. വ്യാപകമായി സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി നാട്ടുകാര്‍. ജമ്മുകശ്മീരിലെ സാംബയില്‍ കനത്ത വെടിവയ്പ് തുടരുകയാണ്. ആര്‍എസ് പുര, അര്‍ണിയ, അഖ്നൂര്‍ എന്നിവിടങ്ങളിലും പാക്ക് വെടിവെയ്പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജമ്മുവില്‍ പാക്കിസ്ഥാന്‍ കില്ലര്‍ ഡ്രോണുകള്‍ പ്രയോഗിച്ചെന്നാണ് വിവരം. ലോയിറ്ററിങ് മ്യൂണിഷൻ ആണ് പാക്കിസ്ഥാൻ പ്രയോഗിച്ചത്. ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം ലൊക്കേഷന്‍ ലോക്ക് ചെയ്യുന്ന തരം ഡ്രോണുകളാണിവ. അതുവരെ നിരീക്ഷണ പറക്കല്‍ നടത്തും. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷിയുള്ള ഡ്രോണുകള്‍ക്ക് 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് പരിധി. സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും.
ജമ്മു സർവകലാശാലയ്ക്ക് സമീപം 2 ഡ്രോണുകൾ വെടിവച്ചിട്ടിട്ടുണ്ട്. ജമ്മുവില്‍ തുടര്‍ച്ചയായി അപായ സൈറനുകള്‍ മുഴങ്ങുന്നുണ്ട്. പാക്ക് ആക്രമണങ്ങളെ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ നേരിടുന്നുണ്ട്. എട്ട് മിസൈലുകള്‍ തകര്‍ത്തു. മുന്‍കരുതലായി ജമ്മുവില്‍ വെളിച്ചം അണച്ചു. രാജസ്ഥാനിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ലൈറ്റുകള്‍ അണച്ചു. പഞ്ചാബിലെ പഠാന്‍കോട്ടിലും ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു.