ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അര്‍ധരാത്രി പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ആക്രമണത്തിന് ശ്രമിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണം. 15 ഇടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം. ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിനുള്ള നീക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. പാക്ക് ആക്രമണത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു.
പാക്ക് ആക്രമണത്തിന് അതേതീവ്രതയില്‍ രാജ്യം മറുപടി നല്‍കി. ലഹോറിലെ വായുപ്രതിരോധ സംവിധാനം ഇന്ത്യന്‍ സേന തകര്‍ത്തു. പാക്കിസ്ഥാനിലെ മറ്റു സ്ഥലങ്ങളിലും ആക്രമണം നടത്തി. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായി വെടിവയ്പ്പില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൂന്ന് സ്ത്രീകളും 5 കുട്ടികളും കൊല്ലപ്പെട്ടു.
പഹല്‍ഗാം ആക്രമണമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. റെസിസ്റ്റന്‍റ് ഫ്രണ്ട് രണ്ടുതവണ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്ത്യയുടെ പ്രതികരണം സംഘര്‍ഷം രൂക്ഷമാക്കുന്നതല്ല. ഇന്ത്യ കൃത്യമായി ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ല. പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചില്ലെങ്കില്‍ സംഘര്‍ഷം രൂക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് ഭീകരവാദത്തിന്‍റെ ആഗോളകേന്ദ്രമെന്നും വിക്രം മിശ്രി പറഞ്ഞു. പാക്കിസ്ഥാനില്‍ ഭീകരര്‍ ഇല്ലെന്ന് പാക് പ്രതിരോധമന്ത്രി പറയുന്നത്. വിവിധ ഭീകരാക്രമണങ്ങളുടെ അന്വേഷണങ്ങളോട് പാക്കിസ്ഥാന്‍ നിസഹകരിച്ചു. പാക്കിസ്ഥാന്‍റെ തീവ്രവാദബന്ധം വ്യക്തമാണെന്നും പാക്കിസ്ഥാന്‍ ഭീകരവാദത്തിന്‍റെ ആഗോളകേന്ദ്രമെന്നും വിക്രം മിശ്രി പറഞ്ഞു. ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കൈ കഴുകുക എന്നതാണ് പാക്ക് രീതി. കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരച്ചടങ്ങില്‍ പാക് സൈന്യം പങ്കെടുത്തു. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചിത്രം ഉയര്‍ത്തിക്കാട്ടി വിക്രം മിശ്രി ചോദിച്ചു.