Image: PTI
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓപറേഷന്‍ സിന്ദൂറില്‍ സൈന്യത്തെ പ്രശംസിച്ച് സമൂഹമാധ്യമമായ എക്സിലാണ് സച്ചിന്‍റെ ട്വീറ്റ്. ധീരമായ നടപടിയാണ് സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും താരം കുറിച്ചു. 'ഭയം തെല്ലുമില്ലാത്ത ഐക്യം. സമാനതകളില്ലാത്ത കരുത്ത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മീതെ വിരിച്ച സംരക്ഷണകവചം. ഭീകരതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. നമ്മളൊന്നാണ്, ഒറ്റക്കെട്ട്'-എന്നായിരുന്നു സച്ചിന്‍റെ കുറിപ്പ്.
സച്ചിന് പുറമെ ഗൗതം ഗംഭീര്‍, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ ശര്‍മ, ജൂലന്‍ ഗോസ്വാമി തുടങ്ങി ഒട്ടേറെ താരങ്ങളാണ് സൈനിക നടപടിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളിട്ടത്. 'പഹല്‍ഗാമില്‍ നിഷ്കളങ്കരായ സഹോദരങ്ങളെ പൈശാചികമായി കൊന്നൊടുക്കിയതിന് ഭാരതത്തിന്‍റെ പ്രതികാരം' എന്നായിരുന്നു ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ഹര്‍ഭജന്‍ സിങ് കുറിച്ചത്.
'രാജ്യ സുരക്ഷയിലേക്ക് വരുമ്പോള്‍ ഇന്ത്യ ഒരിക്കലും ലജ്ജിച്ചും, ഭയന്നും പിന്‍മാറില്ല. ഓപറേഷന്‍ സിന്ദൂര്‍ ഒരു മറുപടിയല്ല, ഒരു സന്ദേശമാണ്'- ചേതന്‍ ശര്‍മ കുറിച്ചു. പ്രതിപക്ഷവും സൈനിക നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സൈന്യത്തെ അഭിനന്ദിച്ചതിനൊപ്പം, സര്‍ക്കാരിന് പിന്തുണയും അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് ണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ തിരിച്ചടി നല്‍കിയത്. ഒന്‍പതിടങ്ങളിലെ ഭീകരത്താവളങ്ങള്‍ തകര്‍ത്ത സൈന്യം 26ലേറെ ഭീകരരെ വധിച്ചു. 55ലേറെ ഭീകരര്‍ക്ക് പരുക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ലഷ്കര്‍,ഹിസ്ബുള്‍, ജെയ്ഷെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം.
പാക്കിസ്ഥാന്‍റെ വ്യോമപാതയിലെങ്ങും പ്രവേശിക്കാതെ പൂര്‍ണമായും ഇന്ത്യന്‍ മണ്ണില്‍ നിന്നായിരുന്നു സൈന്യം തിരിച്ചടിച്ചത്. നിലവിലെ സ്ഥിതി വഷളാക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയും തയ്യാറാണെന്നും ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും ഇന്ത്യ ചെയ്തിട്ടില്ലെന്നും പഹല്‍ഗാമിലേതിന് ആനുപാതികമായ തിരിച്ചടി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.