പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വൈകുന്നത് എന്തെന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം പാക്കിസ്ഥാനോടുള്ള സമീപനത്തെ ചൊല്ലി കോണ്‍ഗ്രസ്– ബിജെപി വാക് പോര് രൂക്ഷമായി. 2019ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവു ചോദിച്ച കോണ്‍ഗ്രസിനെ, പാക്കിസ്ഥാന്‍ പ്രവര്‍ത്തക സമിതിയെന്ന് ബിജെപി വിശേഷിപ്പിച്ചു.
പാക്കിസ്ഥാന് സൈനിക തിരിച്ചടി നല്‍കിയില്ലെങ്കിലും കോണ്‍ഗ്രസ്– ബിജെപി അടി തുടരുകയാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ പരാമര്‍ശമാണ് പുതിയ പ്രകോപനം. 56 ഇഞ്ച് പ്രധാനമന്ത്രി പത്തുദിവസമായിട്ടും അനങ്ങാത്തത് എന്തെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ശേഷമുള്ള ചന്നിയുടെ ചോദ്യം. പുല്‍വാമ ആക്രമണശേഷമുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നു എന്നതിന് തെളിവും ചോദിച്ചു കോണ്‍ഗ്രസ് നേതാവ്. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തിയ ചന്നി, പഹല്‍ഗാം ഇരകള്‍ക്ക് സര്‍ക്കാന്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
സേനയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ്, ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കുകയാണെന്ന് ബിജെപി. അതേസമയം പത്തുദിവസമായിട്ടും ഭീകരരെ പിടികൂടാനോ തിരിച്ചടി നല്‍കാനോ കഴിയാത്തത് എന്തെന്ന ചോദ്യം പ്രതിപക്ഷ സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.