പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണം നടത്തിയവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിച്ചിരിക്കും. ഭീകരവാദത്തെ വേരോടെ പിഴുതെറിയാതെ മോദി സര്‍ക്കാരിന് വിശ്രമമില്ല. ഭീകരരെ തേടിപ്പിടിച്ച് ഇല്ലാതാക്കും. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ലോകംമുഴുവന്‍ ഇന്ത്യക്കൊപ്പമാണെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്.
അതിനിടെ അതിര്‍ത്തിയില്‍ പഹല്‍ഗാം ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്. കശ്മീര്‍ താഴ്‍വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്‍റെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും ഒപ്പമുണ്ട്.
എന്‍ഐഎ ഭീകരാക്രമണക്കേസില്‍ അന്വേഷണം വിപുലപ്പെടുത്തുകയാണ്. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണം നടത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ മേധാവി സദാനന്ത ദത്തെ ഗ്രൗണ്ട് സീറോയിലെത്തി. മൂന്ന് മണിക്കൂറോളം എന്‍ഐഎ മേധാവി പഹല്‍ഗാമില്‍ തുടരന്നു.
അതിനിടെ, ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയെ പാക്കിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അസിം മാലിക് ആണ് പുതിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ്. ആദ്യമായാണ് ഐഎസ്ഐ മേധാവി ദേശീയ സുരക്ഷ ഉപദേഷ്ടാവാകുന്നത്.