ഇന്ത്യ– പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദര്‍ശനം ഒഴിവാക്കി. മേയ് ഒന്‍പതിന് വിക്ടറി ഡേ പരേഡില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നത്. നരേന്ദ്രമോദിക്കു പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പരേഡില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചിരുന്നതെന്നും പകരം പ്രതിരോധ മന്ത്രി എത്തുമെന്ന് നേരത്തെ അറിയിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പാക്കിസ്ഥാനെ സര്‍വശക്തിയോടെ തിരിച്ചടിക്കുമെന്ന് കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഈ വര്‍ഷം പതിനഞ്ചുതവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും പൂര്‍ണശക്തിയോടെ തിരിച്ചടിക്കുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗങ്ങൾ ചേർന്നു. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്നാണ് വിവരം. രാഷ്ട്രീയ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതിയും കേന്ദ്ര മന്ത്രിസഭാ യോഗവും ചേർന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി അമിത് ഷായും രാജ്നാഥ് സിങ്ങും പ്രത്യേകം ചര്‍ച്ച നടത്തി.
രാജ്യത്തിന്‍റെ തന്ത്രപരമായ ഉപദേശക സമിതിയെ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഏഴംഗ ദേശീയ സുരക്ഷാ ഉപദേശക സമിതിയാണ് പുനഃസംഘടിപ്പിച്ചത്. റോ മുന്‍ മേധാവി ആലോക് ജോഷിയാണ് അധ്യക്ഷന്‍. സായുധസേനകള്‍, പൊലീസ്, വിദേശകാര്യം എന്നീ വിഭാഗങ്ങളില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മറ്റ് അംഗങ്ങള്‍.
മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം.സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ എ.കെ.സിങ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രാജീവ് ഖന്ന, മന്‍മോഹന്‍ സിങ്, റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ബി.വെങ്കടേഷ് വര്‍മയുമാണ് അംഗങ്ങള്‍.