Security personnel check identity cards of commuters

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉടന്‍ പാക്കിസ്ഥാനെതിരെ തിരിച്ച‌ടിക്കുമെന്ന് വിവരം. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടത്തുമെന്ന് വിവരമുണ്ടെന്ന് പാക് മന്ത്രി പറഞ്ഞു. സൈനിക സാഹസത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വീണ്ടും വളഞ്ഞതായി സൂചനയുണ്ട്. 20 കിലോമീറ്റർ അകലെ ഹപത്നാട് വച്ചാണ് വളഞ്ഞതെന്നാണ് വിവരം. ഉടൻ ഏറ്റുമുട്ടൽ ആരംഭിച്ചേക്കും.

പാക്കിസ്ഥാനുമേല്‍ സൈനികമായുള്ള തിരിച്ചടി ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ ഉള്ളത്. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും എന്നാണ് സൂചന. ഇന്നലെ പ്രതിരോധ മന്ത്രിയുമായും സേനാമേധാവിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സേനയ്ക്ക് നല്‍കിയിരുന്നു. സ്ഥലവും സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗംചേരുന്നത് രണ്ടാംതവണയാണ്. ആദ്യ യോഗത്തില്‍ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു.

അതേസമയം, ഭീഷണിയും പ്രകോപനവും തുടരുകയാണ് പാക്കിസ്ഥാൻ. ജമ്മു പർഗ് വാൾ രാജ്യാന്തര അതിർത്തിയിൽ ചെനാബ് റിവർ പോസ്റ്റാണ് പാകിസ്ഥാന്‍റെ ലക്ഷ്യം. സൈന്യം ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്കൊന്നും തെളിവ് നൽകാൻ ഇന്ത്യയ്ക്കായിട്ടില്ലെന്ന് ഇന്‍റര്‍ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി കുറ്റപ്പെടുത്തി. സൈന്യത്തെയും  സാധാരണക്കാരെയും ലക്ഷ്യമിട്ട് ഇന്ത്യ പാക്കിസ്ഥാനിൽ ഭീകര ശൃംഖല പ്രവർത്തിപ്പിക്കുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഇന്ത്യ പരിശീലനം നൽകിയ ഒരു ഭീകരനെ കഴിഞ്ഞ 25ന് ഝലം ബസ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്തെന്നും ചൗധരി പറഞ്ഞു. പഞ്ചാബിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകൾക്കു ശേഷവും വിട്ടുതരാൻ പാക്കിസ്ഥാൻ തയ്യാറായിട്ടില്ല. തുടർച്ചകൾക്കും പാക്കിസ്ഥാൻ തയ്യാറായിട്ടില്ല.

ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും യുഎന്‍ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് ഫോണിൽ വിളിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ ഐക്യരാഷ്ട്ര സംഘടന വീണ്ടും അപലപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In the wake of the Pahalgam terror attack, reports suggest that India may launch a retaliatory strike against Pakistan within the next 24 to 36 hours, according to a statement by a Pakistani minister. Pakistan has asserted that if India engages in any military adventure, it will respond in kind. Meanwhile, there are indications that the terrorists who carried out the Pahalgam attack have been surrounded again by the Indian Army. Reports suggest that they have been cornered at Hapatnad, about 20 kilometers away, and an encounter may begin soon.