TOPSHOT - Indian soldiers trek back after a search operation around Baisaran meadow in the aftermath of an attack in Pahalgam, about 90kms (55 miles) from Srinagar on April 23, 2025. Indian security forces in Kashmir carried out a major manhunt on April 23, a day after gunmen opened fire on tourists killing 26 people in the region's deadliest attack on civilians since 2000. (Photo by TAUSEEF MUSTAFA / AFP)
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാന്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും അമേരിക്ക. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യു.എസ്.സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റു രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും യുഎന്‍ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് ഫോണിൽ വിളിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ ഐക്യരാഷ്ട്ര സംഘടന വീണ്ടും അപലപിച്ചിട്ടുണ്ട്. ALSO READ: ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് പാക് മന്ത്രി; ഭീകരരെ സൈന്യം വളഞ്ഞതായി സൂചന...
പാക്കിസ്ഥാനുമേല്‍ സൈനികമായുള്ള തിരിച്ചടി ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ ഉള്ളത്. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും എന്നാണ് സൂചന.
ഇന്നലെ പ്രതിരോധ മന്ത്രിയുമായും സേനാമേധാവിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സേനയ്ക്ക് നല്‍കിയിരുന്നു. സ്ഥലവും സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗംചേരുന്നത് രണ്ടാംതവണയാണ്. ആദ്യ യോഗത്തില്‍ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു.