A BSF personnel checks documents of Pakistani nationals arriving to cross over to their country as the deadline to exit India nears its end, amid escalating tensions between the two countries over the Pahalgam terror attack, at the Attari-Wagah border point, near Amritsar, Sunday, April 27, 2025. (PTI Photo/Shiva Sharma)
പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യയെടുത്ത നടപടികളിലൊന്നായിരുന്നു വിസ വിലക്ക്. ഹ്രസ്വകാല വിസയുള്ള പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ഇതുവരെ 509 പാക്കിസ്ഥാനികളാണ് അട്ടാരി അതിര്‍ത്തി വഴി രാജ്യം വിട്ടത്.
ഏപ്രില്‍ 24 നാണ് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിവിധ വിഭാഗത്തിലുള്ള വിസകള്‍ ഇന്ത്യ റദ്ദാക്കിയത്. സാര്‍ക്ക് വിസ എക്സംപ്ഷന്‍ സ്കീം പ്രകാരം ഇന്ത്യയിലുള്ള പാക്ക് പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂറാണ് അനുവദിച്ചത്. മെഡിക്കല്‍ വിസ 29 നാണ് അവസാനിക്കുക. മറ്റെല്ലാ വിസകളുടെയും കാലാവധി 27 ന് അവസാനിച്ചു.
കാലാവധിക്ക് ശേഷവും ഇന്ത്യയില്‍ തുടരുന്ന പാക്ക് പൗരന്മാര്‍ക്ക് അറസ്റ്റും വിചാരണയും നേരിടേണ്ടി വരും. അവസാന തീയതിക്ക് ശേഷം ഇന്ത്യയില്‍ തുടരുന്ന ഏത് പാക്ക് പൗരനും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെടും എന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവ് പറയുന്നത്. മൂന്ന് വര്‍ഷം തടവോ പരമാവധി മൂന്ന് ലക്ഷം പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ഇവര്‍ക്ക് ലഭിക്കാം. 2025 ലെ ഇമിഗ്രേഷന്‍ആന്‍ഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമായിരിക്കും നടപടികള്‍. ഏപ്രില്‍ നാലിന് നിലവില്‍ വന്ന നിയമാണിത്.
വിഷയത്തില്‍ കടുത്ത നടപടികളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് സമയപരിധിക്ക് ശേഷം പാക്ക് പൗരന്മാര്‍ രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.