നാവികസേനയുടെ പോരാട്ടത്തിന് മികവ് കൂട്ടാന്‍ ഇനി റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങളും. 64,000 കോടി രൂപയ്ക്ക് 26 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാര്‍ ഫ്രാന്‍സുമായി ഒപ്പിട്ടു. ഇതോടെ, ലോകത്തെ മുന്‍നിര യുദ്ധവിമാനമായ റഫാല്‍ 62 എണ്ണം ഇന്ത്യയ്ക്ക് സ്വന്തമാകും.
പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, ചൈനയുടെ J17നെയും വെല്ലുവിളിക്കാന്‍ റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍. ഡല്‍ഹി നൗസേന ഭവനിലെ ചടങ്ങില്‍ കരാര്‍ ഒപ്പിട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സെക്രട്ടറി ആര്‍.കെ.സിങ്, നാവികസേന ഉപമേധാവി വൈസ് അഡ്മിറില്‍ കെ.സ്വാമിനാഥനും ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മത്തവും ചടങ്ങില്‍ പങ്കെടുത്തു. ഒറ്റ സീറ്റ് വിമാനം 22 എണ്ണവും ഇരട്ട സീറ്റ് വിമാനം നാലെണ്ണവുമാണ് ഇന്ത്യ വാങ്ങുന്നത്.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലാകും റഫാല്‍ മറീന്‍ ഉപയോഗിക്കുക. ആയുധങ്ങളും സിമുലേറ്ററുകളും സ്പെയര്‍ പാര്‍ട്സുകളുമെല്ലാം ഉള്‍പ്പെടുന്നതാണ് 64,000 കോടി രൂപയുടെ ഗെയിം ചേഞ്ചര്‍ കരാര്‍. വിമാനത്തിന്‍റെ വിതരണം 2030 ഓടെ പൂര്‍ത്തിയാകും. പൈലറ്റുമാര്‍ നിലവില്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി പരിശീലനത്തിലാണ്.