പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്‍റെ കസ്റ്റഡിയിലായ ബിഎസ്എഫ് സൈനികന്‍ പൂര്‍ണം കുമാര്‍ ഷയുടെ ഭാര്യ അതിര്‍ത്തിയിലേക്ക്. ഭര്‍ത്താവിന്‍റെ മോചനത്തില്‍ ഉന്നത ഉദ്യോഗസ്ഥരോട് അപേക്ഷിക്കാനായാണ് പത്താന്‍കോട്ടിലേക്ക് പോകുന്നതെന്ന് ഗര്‍ഭിണിയായ ഭാര്യ രജനി പറഞ്ഞു. മൂന്ന് ബന്ധുക്കള്‍ക്കൊപ്പം ട്രെയിനിലാണ് രജനിയുടെ യാത്ര. കൊല്‍ത്തയിലെ ഹൂഗ്ലിയില്‍ നിന്നുള്ള സൈനികനാണ് പൂര്‍ണം കുമാര്‍ഷാ.
മാര്‍ച്ച് 24 നാണ് പൂര്‍ണം പാക്ക് റേഞ്ചേഴ്സിന്‍റെ കസ്റ്റഡിയിലാകുന്നത്. മൂന്ന് റൗണ്ട് ഫ്ലാഗ് മീറ്റിങിന് ശേഷവും പൂര്‍ണത്തെ വിട്ടയക്കുന്നതില്‍ തീരുമാനമായിട്ടില്ല. ഭര്‍ത്താവിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച് യാതൊരു അനുകൂല മറുപടിയും ലഭിച്ചിട്ടില്ലെന്ന് രജനി പറഞ്ഞു. നാല് ദിവസമായി പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായിട്ട്. ഞങ്ങള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നു എന്ന് മാത്രമാണ് അവര്‍ പറയുന്നത്. അനുകൂല വാര്‍ത്തകളൊന്നുമില്ല. ഭര്‍ത്താവ് എപ്പോള്‍ തിരിച്ചെത്തുമെന്ന് എനിക്കറിയില്ല' രജനി പറഞ്ഞു.
'പത്താൻകോട്ട് സന്ദർശിച്ച് ഭർത്താവിന്‍റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് അപേക്ഷിക്കും. സഹായിക്കാൻ എല്ലാവരോടും വ്യക്തിപരമായി അഭ്യർത്ഥിക്കുകയാണ്. അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സമീപിക്കും' എന്നും രജിന പറഞ്ഞു.
യൂണിഫോമിൽ സർവീസ് റൈഫിൾ അടക്കമാണ് പൂര്‍ണം അബദ്ധത്തില്‍ പാകിസ്ഥാൻ പ്രദേശത്തേക്ക് കടന്നത്. ബിഎസ്എഫ് കമാന്‍ഡര്‍ തലത്തിലുള്ള ഫ്ലാഗ് മീറ്റിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടനെ നടക്കുമെന്നാണ് സൂചന. ഇരുവിഭാഗത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.
ബിഎസ്എഫ് 182–ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുർ സെക്ടറിലായിരുന്നു പൂർണം. മൂന്നാഴ്ച മുൻപാണ് അവധി കഴിഞ്ഞു തിരികെപ്പോയത്.