Srinagar: Swollen Jhelum river following heavy rains, in Srinagar, Monday, April 21, 2025. (PTI Photo)(PTI04_21_2025_000206B)
മുന്നറിയിപ്പില്ലാതെ ഉറി ഡാമില്‍ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടതായി ആരോപിച്ച് പാക്കിസ്ഥാന്‍. ഝലം നദിയില്‍ ജലനിരപ്പ് അപകടകരമാകും വിധം ഉയര്‍ന്നതോടെയാണ് പാക് അധീന കശ്മീരില്‍ ആശങ്ക പരന്നത്. ഹത്തിയന്‍ ബാല ജില്ലയുടെ നദീ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചതായും മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരുന്നതായും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായെന്നും കൃഷിനാശം സംഭവിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
'ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും കിട്ടിയില്ല. വെള്ളം പെട്ടെന്ന് ഇരച്ചുവന്നു. ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഞങ്ങള്‍ പണിപ്പെടുകയാണെ'ന്ന് പാക് അധീന കശ്മീര്‍ സ്വദേശിയായ മുഹമ്മദ് ആസിഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ പാക് അധീന കശ്മീര്‍ തലസ്ഥാനമായ മുസാഫര്‍ബാദിലും ചക്കോട്ടിയിലും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. പലയിടങ്ങളിലും ചെറിയതോതില്‍ വെള്ളപ്പൊക്കം ഇതിനകം ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. കൊഹ്ലയിലും ധാല്‍കോട്ടിലും വെള്ളം പൊങ്ങിയതോടെ വ്യാപകമായി കൃഷിനാശമുണ്ടായതായും കന്നുകാലികളടക്കം ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. 'ജനജീവിതം സുരക്ഷിതമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പക്ഷേ താങ്ങാനാകുന്നതിനുമപ്പുറമുള്ള നാശമാണ്' വരുന്നതെന്നും ജില്ലാ കമ്മിഷണര്‍ ബിലാല്‍ അഹമ്മദ് വെളിപ്പെടുത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പാക് ആരോപണത്തോട് പ്രതികരിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഡാം തുറന്ന് വിട്ടെന്നോ, ഇല്ലെന്നോ സ്ഥിരീകരിച്ചിട്ടുമില്ല. പതിവായി തുറന്ന് വിടുന്നത്രയും വെള്ളം മാത്രമേ ഇന്ത്യ തുറന്ന് വിട്ടിട്ടുള്ളൂവെന്നും ജമ്മുകശ്മീരില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ഡാം തുറന്ന് വിട്ടേക്കുമെന്ന ആശങ്ക നേരത്തെയും പാക്കിസ്ഥാന്‍ ഉയര്‍ത്തിയിരുന്നു. പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സഹായം പാക്കിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.