പഹല്‍ഗാം ഭീകരാക്രമണം പുനഃസൃഷ്ടിക്കാനൊരുങ്ങി എന്‍ഐഎ. ഭീകരര്‍ക്കെതിരെ താഴ്‌വരയില്‍ വന്‍ നീക്കത്തിനാണ് പദ്ധതി. 11 ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ഉറി ഡാം ഇന്ത്യ തുറന്നതോടെ, പാക് അധീന കശ്മീരില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. അറബിക്കടലില്‍ നാവികസേന ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ച് വമ്പന്‍ നാവിക അഭ്യാസവും തുടങ്ങി.
ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജി, ഡിഐജി, എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നത്. സമയക്രമം തയാറാക്കാന്‍ വിശദമായ മൊഴിയെടുപ്പും തെളിവുശേഖരണവും തുടരുന്നു. ഭീകരരുടെ പ്രവർത്തന രീതി വിശദമായി അന്വേഷിക്കുമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും എന്‍ഐഎ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ചത് 15 തദ്ദേശിയരെന്നാണ് വിവരം. അഞ്ച് പ്രധാനികളെ തിരിച്ചറിഞ്ഞു. മൂന്നുപേര്‍ കസ്റ്റഡിയിലുണ്ട്. അതിനിടെ, കശ്മീര്‍ താഴ്‌വരയിലുടനീളം ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുകയാണ് സുരക്ഷാസേന. തിരിച്ചറിഞ്ഞ ഭീകരരുടെ വീടുകള്‍ തകര്‍ക്കും.
കശ്മീര്‍ താഴ്‌വരയില്‍ പിടികൂടേണ്ട തദ്ദേശീയരായ 14 കൊടുംഭീകരരുടെ പട്ടിക തയാറാക്കി. അതിനിടെ, കുപ്‌വാരയില്‍ വീണ്ടും ഭീകരര്‍ ചോര വീഴ്ത്തി. 45 വയസ്സുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ഗുലാം റസൂലിനെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കി, അതിര്‍ത്തികളിലെ വിന്യാസം പൂര്‍ത്തിയാക്കുകയാണ് ഇന്ത്യ. അറബിക്കടലില്‍ നാവികസേനയുടെ യുദ്ധ അഭ്യാസവും തുടങ്ങി. ബ്രഹ്മോസ് മിസൈലിന്‍റെ കപ്പല്‍ വേധ പതിപ്പ് ഉപയോഗിച്ചാണ് പരീക്ഷണം.
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടര്‍ന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ മറന്നുള്ള തിരിച്ചടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. ഉറി ഡാം മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നതിനെ തുടര്‍ന്ന് ഝലം നദിയില്‍ വെള്ളമുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധീന കശ്മീരിലെ ഹട്ടിയന്‍ ബാലാ മേഖലയില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ചു.