Image: AP(right)
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്നത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍ അറിയിച്ചു. ഇരുരാജ്യങ്ങളുമായി ഇറാന് മികച്ച ബന്ധമാണുള്ളതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പഹല്‍ഗാം ആക്രമണവും പാക്കിസ്ഥാന്‍റെ പങ്കിനെ കുറിച്ചും വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പറഞ്ഞു. അതേസമയം ഇറാന്‍റെ ഇടപെടലിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗദി വിദേശകാര്യമന്ത്രിയും ഇന്ത്യ–പാക് വിദേശകാര്യമന്ത്രിമാരെ ഫോണില്‍ വിളിച്ചു.
അതിനിടെ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ സുരക്ഷാസേന ശക്തമാക്കി. പെഹൽഗാമിൽ ആക്രമണം നടത്തിയ ഭീകർക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരുകയാണ്. ഇന്നലെ രാത്രി പുൽവാമയിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തു. ഭീകരരെ കണ്ടെത്തിയാലുടന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തമാണ്. സൈനിക വിന്യാസം വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.