silma-agreement

ഷിംല കരാര്‍ ഒപ്പുവച്ച മേശപ്പുറത്തുനിന്ന് പാക് പതാക നീക്കി. കരാര്‍ മരവിപ്പിക്കുമെന്ന പാക് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ചരിത്രസ്മാരകമായ മേശ  സൂക്ഷിച്ചിരിക്കുന്നത് ഹിമാചല്‍ രാജ്ഭവനിലാണ്. ഇതിനിടെ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതില്‍ തുടര്‍നടപടി ചര്‍ച്ചചെയ്യാന്‍ യോഗം ചേര്‍ന്നു . വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ,ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. 

തിരച്ചില്‍ ഊര്‍ജിതം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ  ഭീകരര്‍ക്കായി തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കി സൈന്യം. കശ്മീര്‍ സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ലഷ്കര്‍ ഇ തയിബ ഭീകരരായ ആദില്‍‌ ഹുസൈന്‍ തോക്കറുടെയും ആസിഫ് ഷെയ്ഖിന്‍റെയും വീടുകളാണ് പ്രാദേശിക ഭരണകൂടവും സുരക്ഷാസേനയും തകര്‍ത്തത്. ഭീകരര്‍ പീര്‍പഞ്ചില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം

Read Also: 'ഭീകരവാദത്തിന് ഫണ്ട് നല്‍കി, പരിശീലിപ്പിച്ചു; എല്ലാം അമേരിക്കയ്ക്ക് വേണ്ടി':

ഇന്നലെ രാത്രിയാണ് ലഷ്കര്‍ഭീകരരായ ആസിഫ് ഷെയ്ഖിന്‍റെയും ആദില്‍ ഹുസൈന്‍ തോക്കറുടെയും വീടുകള്‍ അഗ്നിക്കിരയായത്. ആസിഫ് ഷെയ്ഖിന്‍റെ ത്രാലിലെ വസതി കത്തിയമരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആദില്‍ ഹുസൈന്‍റെ അനന്ത്നാഗിലെ വസതിയും സ്ഫോടനത്തില്‍ തകര്‍ന്നു. ആരാണ് തീയിട്ടതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആള്‍ത്താമസമില്ലാതിരുന്ന വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു എന്ന് വിവരമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. 

രേഖാചിത്രങ്ങള്‍ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. ഭീകരരെ തേടിപ്പിടിച്ച് ശിക്ഷിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയാണ് വീടുകള്‍ തകര്‍ത്തത് എന്നതും ശ്രദ്ധേയം. അതേസമയം ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചുപേരും പിര്‍ പഞ്ചാല്‍ മേഖലയില്‍ ഒളിവില്‍ കഴിയുന്നതായി സൂചനയുണ്ട്. ഹിമാലയന്‍ മലനിരകള്‍ ആയതിനാല്‍ ഇവിടെ തിരച്ചില്‍ ദുഷ്കരമാണ്. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടായിരംപേരെ ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു

ENGLISH SUMMARY:

Pakistan suspends Simla Agreement, shuts border