ishaq-dar-pak-deputy-pm-2504

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി.  ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്സ്. ഇന്നലെ വൈകിട്ട്  ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം. 

പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്‍റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.  വീട്ടില്‍ സ്ഫോടകവസ്തുക്കളുണ്ടായിരുന്നതായാണ് വിവരം.  ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ സൈന്യം ലഷ്കറെ കമാന്‍ഡെറെ വധിച്ചു.  അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. കൂടുതല്‍ ഭീകരര്‍ ബന്ദിപ്പോറയില്‍ ഉണ്ടെന്ന് നിഗമനത്തില്‍ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്. 

അതിനിടെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തികളില്‍ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെന്‍ട്രല്‍ സെക്ടറില്‍നിന്ന് റഫാല്‍, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്ക്വാഡ്രണുകളെ, പാക് അതിര്‍ത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ് സൂചന. വ്യോമസേന സെന്‍ട്രല്‍ സെക്ടറില്‍ നടത്തുന്ന വന്‍ അഭ്യാസവും തുടരുകയാണ്.

അറബിക്കടലില്‍ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തടക്കം നാവികസേനയുടെ പടക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്. കറാച്ചി തീരത്തോട് ചേര്‍ന്ന് ഏതുനിമിഷവും പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തും. മിസൈല്‍ പരീക്ഷണം ഉള്‍പടെ പാക് നീക്കത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ.

ENGLISH SUMMARY:

Pakistan's Deputy Prime Minister Ishaq Dar stirred controversy by praising the perpetrators of the Pahalgam terror attack as "freedom fighters." Amid rising tensions, the release of a captured BSF jawan remains stalled as Pakistan Rangers evade flag meeting requests. In response, India has deployed Rafale and Sukhoi aircraft squadrons near the border, along with naval reinforcements including INS Vikrant in the Arabian Sea.