ഭീകരതയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ഡല്‍ഹി ജുമ മസ്ജിദ് അടക്കമുള്ള രാജ്യത്തെ വിവിധ പള്ളികളില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. കറുത്ത റിബര്‍ അണിഞ്ഞാണ് പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ എത്തിയത്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോണ്‍ഗ്രസ് മെഴുകുതിരി മാർച്ച് നടത്തി. ഡല്‍ഹിയിലെ മാര്‍ക്കറ്റുകള്‍ അടച്ചിട്ടു.
രാജ്യത്തിന്‍റെ ഒരോ മൂലയില്‍ നിന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന സന്ദേശം ഉയര്‍ന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ഡല്‍ഹി ജുമമസ്ജിദില്‍ നടന്ന പ്രതിഷേധസംഗമത്തില്‍ നിരവധി പേര്‍ പ്ലക്കാഡുകളുമായി അണിനിരന്നു. ഭീകരവാദത്തിനും പാകിസ്ഥാനും എതിരെ മുദ്രാവാക്യം ഉയര്‍ന്നു. എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസിയുടെ ആഹ്വാന പ്രകാരം രാജ്യത്തെ വിവിധ പള്ളികളിലേക്ക് പ്രാര്‍ഥനക്കായി ആളുകള്‍ എത്തിയത് കറുത്ത റിബര്‍ അണിഞ്ഞായിരുന്നു.
കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തിയും കോൺഗ്രസ് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്തി. ഡല്‍ഹിയില്‍ മാര്‍ച്ചിന് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേതൃത്വം നല്‍കി. ഡല്‍ഹിയിലെ മാര്‍ക്കറ്റുകളിലെ വ്യാപാരികള്‍ ബന്ദ് ആചരിച്ചു. ചെങ്കോട്ടയ്ക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.