പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ ഭീകരത പങ്കുവച്ച് കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്‍റെ മകള്‍ ആരതി. 'ഭീകരര്‍ വെടിവയ്ക്കും മുന്‍പ് കലീമ എന്നോ മറ്റോ ഒരുവാക്ക് ചോദിച്ചു, അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛനെ വെടിവച്ചുവെന്നും ആരതി പറഞ്ഞു. 'എന്‍റെ തലയില്‍ തോക്കുചൂണ്ടി. മക്കള്‍ കരഞ്ഞപ്പോള്‍ എന്‍റെ തലയില്‍നിന്ന് തോക്കുമാറ്റി ഭീകരര്‍ പോയി. തുടര്‍ന്ന് മക്കളേയും കൊണ്ട് സമീപത്തെ പൈന്‍മരക്കാട്ടിലൂടെ രക്ഷപ്പെട്ടു. ഹോട്ടലില്‍ അഭയം തേടി. അച്ഛന്‍റെ മരണം ആ സമയം അമ്മയെ അറിയിച്ചില്ലെന്നും കേരളത്തില്‍ എത്തിയതിന് ശേഷമാണ് അമ്മയെ വിവരം അറിയിച്ചതെന്നും ആരതി പറഞ്ഞു.
ആക്രമണത്തിനുശേഷം കാശ്മീരി ഡ്രൈവർമാരായിരുന്ന സമീർ, മുസാഫിർ എന്നിവർ നല്‍കിയ സഹായങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും ആരതി പറഞ്ഞു. ജ്യേഷ്ഠനും അനുജനും ഒരു സഹോദരിയെ സംരക്ഷിക്കുന്നതുപോലെ ഇടവും വലവും അവര്‍ കൂടെ നിന്നു. രാത്രിയിൽ ഉറക്കമൊഴിച്ച് മോർച്ചറിയിൽ വരെ അവർ കൂട്ടിരുന്നു. കശ്മീരില്‍ തനിക്ക് രണ്ടു സഹോദന്‍മാരെ കിട്ടിയെന്നും അള്ളാ രക്ഷിക്കട്ടെ എന്നും അവരോട് പറഞ്ഞാണ് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രയായതെന്നും ആരതി പറഞ്ഞു മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നര്‍ക്കുള്ള മറുപടികൂടിയായി ആരതി പങ്കുവച്ച അനുഭവം.
എൻ. രാമചന്ദ്രന്റെ ഭൗതിക ദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറ് കണക്കിന് പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വിദേശത്തുള്ള സഹോദരൻ നാട്ടിൽ എത്തിയ ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജില്ലാകളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ അദ്ദേഹത്തിന് പുഷ്പ ചക്രം അർപ്പിച്ചു