പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തിനാകെ വേദനയാകുകയാണ്. പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ -ഐഎസ്ഐ കൂട്ടുകെട്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥരീകരിച്ചിട്ടുണ്ട് . ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നർവാളിനടുത്ത് ഭാര്യ മരവിച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെങ്ങും. ഈ ഒരൊറ്റ ചിത്രം വിവരിക്കുന്നുണ്ട് ഭീകരര്‍ ഇന്ത്യയോട് ചെയ്തത് എന്താണെന്ന്. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. മധുവിധു മരണത്തിലേക്കാണെന്ന് അവര്‍ അറിഞ്ഞില്ല.

സിനിമ– ക്രിക്കറ്റ് താരങ്ങളും ഇന്‍ഫ്ലുവസര്‍മാരും വിഷയത്തില്‍ പ്രതികരണങ്ങള്‍ കുറിക്കുന്നുണ്ട്. ‘പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്‍റെ ഹൃദയം വേദനിക്കുന്നു. ഇത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്കതീതമാണ്. നിങ്ങൾ തനിച്ചല്ല, രാജ്യം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം' എന്നാണ് മോഹൻലാൽ ഫേസ്ബുക്കില്‍ കുറിച്ചത്. 

‘ഹൃദയം തകര്‍ന്നു. ഇങ്ങനെയൊരു ദുരന്തത്തിനു മുന്നില്‍ വാക്കുകള്‍ പോലുമില്ലാതാകുന്നു. ഉറ്റവരെ നഷ്ടമായ കുടുംബങ്ങളുടെ വേദനയും മാനസികാവസ്ഥയും ആലോചിക്കാന്‍ പോലുമാകുന്നില്ല. ഈ ദുഃഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നു. മരണപ്പെട്ടവര്‍ക്ക് നീതി വേണം. സൈനികരില്‍ മുഴുവന്‍ പ്രതീക്ഷയുമര്‍പ്പിക്കുകയാണ്. ഈ നഷ്ടം ഒരുകാലവും മറക്കാനാകില്ല’ എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ഭീകരവാദത്തിന് ന്യായീകരണമില്ല’ എന്നാണ് ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ , ഹണി റോസ്, തുടങ്ങിയവര്‍ കുറിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, ഗൗതം ഗംഭീര്‍, ശുഭ്മാന്‍ ഗില്‍, യുവരാജ് സിങ്, കെ.എല്‍ രാഹുല്‍ തുടങ്ങിയവരും പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ‘പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക്  പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തിയും , സമാധാനവും ലഭിക്കാനും  പ്രാർത്ഥിക്കുന്നു’ എന്നാണ് കോലി സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

അതിനിടെ ആക്രമണം നടത്തിയ മൂന്നുഭീകരരുടെ  രേഖാചിത്രം പുറത്തുവന്നിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ -ഐഎസ്ഐ കൂട്ടുകെട്ടെന്ന് ഇന്ത്യൻ ഏജൻസികൾ സ്ഥിരീകരിച്ചു. നാല് ഭീകരരിൽ മൂന്നു പേർ പാക്കിസ്ഥാനികളും ഒരാൾ നാട്ടുകാരനുമാണ്. ഭീകരരുടെ കൈവശം അമേരിക്കൻ നിർമിത എം 4 കാർബൈൻ റൈഫിളുകൾ ഉണ്ടായിരുന്നു. ഭീകരരിൽ രണ്ടു പേർ പഷ്തോ ഭാഷ സംസാരിക്കുന്നവരാണ്. ബൈസരൻ വാലിയിൽ എൻഐഎ സംഘം പരിശോധന നടത്തി. ഡ്രോണുകളും ഹെലികോപ്ടുകളും ഉപയോഗിച്ച സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

The tragic death of tourists in the recent terror attack in Pahalgam has left the entire nation in mourning. Indian intelligence agencies have released reports confirming that the attack was orchestrated through a collaboration between Lashkar-e-Taiba and Pakistan’s ISI. One heart-wrenching image circulating on social media shows the grieving wife of Lieutenant Vinay Narwal from Haryana, who was killed in the attack. This single photo encapsulates the horror inflicted on India by the terrorists. Vinay Narwal had married Himanshi on April 16. Neither of them could have imagined that their honeymoon would end in tragedy.