എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് മൂന്ന് ദിവസം വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്രയെ ചോദ്യം ചെയ്തു . വ്യാഴാഴ്ച വാധ്രയെ ഇഡി ആസ്ഥാനത്ത് കൊണ്ടുവിട്ടത് പ്രിയങ്ക ഗാന്ധിയാണ്. ഇഡി ആസ്ഥാനത്തിന്റെ ഗേറ്റിനടുത്ത് വാഹനം നിർത്തിയപ്പോൾ വാധ്രക്കൊപ്പം പ്രിയങ്കയും ഇറങ്ങി. ഗേറ്റിന്റെ തൊട്ടടുത്ത് വരെ അനുഗമിച്ചു. തിരിച്ചു വീട്ടിലേക്ക് മടങ്ങവെ കണ്ട മലയാളി മാധ്യമപ്രവർത്തകരോട് അത്ഭുതത്തോടെ ചോദിച്ചു നിങ്ങൾ കേരളത്തിൽ നിന്ന് വന്നതാണോ?
ബുധനാഴ്ച റോബർട്ട് വാധ്രയെ ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് ഇറക്കിയ ശേഷം ആലിംഗനം ചെയ്ത പ്രിയങ്ക തിരിച്ച് കാറിൽ വന്നിരുന്നു. ഇരിപ്പ് ഉച്ചഭക്ഷണത്തിന് വാധ്‌ര പുറത്തിറങ്ങും വരെ തുടർന്നു. പ്രിയങ്ക ഇഡി ഓഫീസ് പരിസരത്ത് തുടർന്ന സമയത്ത്
നാഷണൽ ഹെറാൾഡ് കേസിൽ അമ്മയും യുപിഎ ചെയർപേഴ്സനുമായ സോണിയ ഗാന്ധിക്കും സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കും എതിരായ ഇഡി കുറ്റപത്രത്തിൽ കോൺഗ്രസ് പ്രതിഷേധമുയർത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പും ശേഷവും കേസ് രാഷ്ട്രീയ വേട്ടയാടലാണെന്നും കോൺഗ്രസിന്റെ പിന്തുണ തനിക്ക് ഉണ്ടെന്നും റോബർട്ട് വാധ്ര ആവർത്തിക്കുകയാണ്. ചോദ്യംചെയ്യിലിനുള്ള ഇഡി നോട്ടീസ് ലഭിച്ചു എന്ന വാർത്ത പുറത്തുവരുന്നതിന് തൊട്ടുമുൻപ് ന്യൂസ് ഏജൻസിക്ക് വാധ്‌ര നൽകിയ പ്രതികരണം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കുമേൽ ജനങ്ങളുടെ സമ്മർദ്ദം ഏറുന്നു എന്നായിരുന്നു. കാര്യങ്ങളുടെ പോക്ക് ഈ പ്രതികരണങ്ങളിൽ നിന്ന് വ്യക്തം.
Photo
പ്രിയങ്ക ചോദ്യം ചെയ്യലിന് ഹാജരായ വാധ്രയെ കാത്തിരിക്കുമ്പോൾ നാഷ്ണൽ ഹെറാൾഡ് കേസിലെ കുറ്റപത്രത്തിനെതിരെ എഐസിസിയിൽ അരങ്ങേറിയത് ദുർബലമായ പ്രതിഷേധമായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയാൽ വ്യാഖ്യാനം മാറിമറിയും എന്നതിനാൽ തന്നെയായിരുന്നു പ്രിയങ്കയുടെ വിട്ടുനിൽക്കൽ. എഐസിസിയിലെ പ്രതിഷേധം നയിക്കാൻ മുതിർന്നതോ ശക്തമായ നിർദ്ദേശം നൽകാൻ പ്രാപ്തിയുള്ളതോ ആയ ഒരു നേതാവും ഉണ്ടായില്ല. പത്തുമണിക്കുള്ള പ്രതിഷേധ പരിപാടിക്ക് പ്രവർത്തക സമിതി അംഗം ദീപാ ദാസ്മുൻഷി ഒഴികെയുള്ള പ്രധാന നേതാക്കൾ എത്തിയത് പതിനൊന്നരക്ക്. ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു, എൻ എസ് യു അധ്യക്ഷൻ വരുൺ ചൗധരി, എംപി ഇമ്രാൻ പ്രതാപ് ഗഡി എന്നിവർ മാത്രമാണ് മാർച്ചിൽ ബിജെപി ക്കും കേന്ദ്രസർക്കാരിനും എതിരെ രോഷം പ്രകടിപ്പിച്ചത്. പ്രതിഷേധത്തിനിടെ എഐസിസി ആസ്ഥാനത്തെത്തിയ പ്രവർത്തകസമിതി അംഗം സച്ചിൻ പൈലറ്റ്, പാർട്ടി വക്താവ് സുപ്രിയ ശ്രീനാഥെ, മുൻ എം പി ഉദിത് രാജ് തുടങ്ങിയവർ ശ്രദ്ധിച്ചത് മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നതിലായിരുന്നു. രാജ്യതലസ്ഥാനത്ത് ഉണ്ടായിട്ടും പല മുതിർന്ന നേതാക്കളും ഇഡിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് അകലം പാലിച്ചു.
Photo
കോൺഗ്രസിന് റോബർട്ട് വാധ്ര കുരുക്കാണ്. നാഷണൽ ഹൊറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായി ഇഡി പിടിമുറുക്കുമ്പോൾ തന്നെ വാധ്രയെ ചോദ്യം ചെയ്യുന്നു എന്നത് കുടുക്കിനെ ഊരാകുടുക്കാക്കുന്നു. റോബര്‍ട്ട് വാധ്രയ്ക്കെതിരായ ഇ.ഡി. കേസ് വ്യക്തിപരമെന്നും ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വാധ്രയ്ക്ക് കഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ഗാന്ധികുടുംബാംഗമായതിനാൽ മറ്റാരും അങ്ങനെ പറയാൻ മുതിർന്നില്ല. ഗാന്ധി കുടുംബത്തെ മോശപ്പെടുത്താനുള്ള ശ്രമം എന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞൊഴിഞ്ഞു. പ്രതികരിക്കാൻ തയ്യാറാകുന്ന നേതാക്കൾ എല്ലാം അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടികളിൽ ഒതുക്കുകയാണ്. സംഗതി ഇങ്ങനൊക്കെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുമ്പോൾ രാഹുൽ ഗാന്ധി വീണ്ടും വിദേശത്ത് പോവുകയാണ്. 21 ന് ദ്വിദിന സന്ദർശനത്തിനായി യുഎസിൽ പോകുമെന്ന് നേതൃത്വം അറിയിച്ചു. 25നാണ് നാഷണൽ ഹെറാൾഡ് കേസ് റൗസ് അവന്യു കോടതി വീണ്ടും പരിഗണിക്കുന്നത്.