വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ സുപ്രീംകോടതി നാളെ വാദംകേള്‍ക്കും. കോടതി വഖഫ് ആയി പ്രഖ്യാപിച്ചവ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കലക്ടര്‍മാര്‍ക്ക് നടപടിക്രമങ്ങള്‍ തുടരാം. എന്നാല്‍ വ്യവസ്ഥ പ്രാബല്യത്തിലാവില്ല. ബോര്‍ഡിലും കൗണ്‍സിലിലും എക്സ് ഒഫിഷ്യോ അംഗങ്ങളായി ആരെയും നിയമിക്കാം. മറ്റ് അംഗങ്ങള്‍ മുസ്‌ലിംകള്‍ മാത്രമായിരിക്കണം. എല്ലാവര്‍ക്കും ആശങ്കയുണ്ട്, പരിഹാരം കണ്ടെത്തും. ഒരു നിയമം പാസാക്കുമ്പോള്‍ തുടക്കത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാറില്ല. ഉപയോക്താവിന് വഖഫ് ഉണ്ടെങ്കില്‍ ഡീനോട്ടിഫൈ ചെയ്താല്‍ ഗുരുതരപ്രത്യാഘാതമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് നിയമഭേദഗതിയെന്ന് ഹര്‍ജിയെ എതിര്‍ക്കുന്നവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പാര്‍ലമെന്റ് ഹിന്ദുക്കള്‍ക്കായും മുസ്‌ലിംകള്‍ക്കായും നിയമം പാസാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 26 നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുെതന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിശദചര്‍ച്ചകള്‍ക്കുശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. റജിസ്റ്റര്‍ ചെയ്യാത്ത വഖഫ് ഭൂമിക്ക് നിയമഭേദഗതി ബാധകമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഹിന്ദുക്കളുടെ മതപരമായ സ്ഥാപനങ്ങളില്‍ മറ്റാരും ഭാഗമല്ലെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.