മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിറകെ കേരളത്തെ അതിനിശിതമായി വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി. നോക്കുകൂലിയടക്കം വ്യവസായ നയങ്ങളാണ് കേരളത്തെ തകര്‍ത്തതെന്ന് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സമ്പ്രദായമാണിതെന്നും മന്ത്രി പരിഹസിച്ചു. എതിര്‍പ്പുമായി പി.സന്തോഷ്കുമാര്‍ എത്തിയത് വാക്പോരിനിടയാക്കി.
മണിപ്പുര്‍ ബജറ്റിനുള്ള ചര്‍ച്ചയ്ക്ക് മറുപടിപറയവെയാണ് ധനമന്ത്രി സി.പി.എമ്മിനെ കടന്നാക്രമിച്ചത്. നോക്കുകൂലിയടക്കം വ്യവസായ നയങ്ങള്‍ സൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് കേരളം ഇതുവരെ കരകയറിയിട്ടില്ല. ബംഗാളിലും ത്രിപുരയിലും ഏറ്റവുംവലിയ കലാപമുണ്ടായത് സി.പി.എം ഭരണകാലത്താണ് എന്നും നിര്‍മല സീതാരാമന്‍. നോക്കുകൂലി പരാമര്‍ശത്തിനെതിരെ പി.സന്തോഷ് കുമാര്‍ രംഗത്തെത്തിയപ്പോള്‍ സംസ്ഥാനത്ത് നിലവില്‍ നോക്കുകൂലിയില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറഞ്ഞതിനര്‍ഥം മുന്‍പ് നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേയെന്നും നിര്‍മല സീതാരാമന്‍.
പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെ ചൊല്ലിയും ധനമന്ത്രിയും സന്തോഷ് കുമാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചെന്നും വേതനം വര്‍ധിപ്പിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്രം സഹായം നൽകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പറഞ്ഞു. NDRF ൽ നിന്ന് കേരളത്തിന് 138 കോടി അധികം നൽകിയെന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകി.