മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്റെ പി.എച്ച്.ഡി. തീസിസ് കോപ്പിയടിച്ചതാണെന്ന പരാതിയിൽ നടപടിയുമായി അസം സർവകലാശാല. തുടർനടപടികൾക്കായി രേഖകൾ യുജിസിക്ക് കൈമാറി. എന്നാൽ സർവകലാശാല മനപ്പൂർവം നടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം.
അസം സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച തീസിസ് കോപ്പിയടിച്ചതാണെന്നായിരുന്നു പരാതി. മൈസൂർ സർവകലാശാലയിൽ വി. രാജേഷ് എന്നയാൾ സമർപ്പിച്ച തീസിസ് രതീഷ് കാളിയാടൻ കോപ്പിയടിച്ചെന്നായിരുന്നു ആരോപണം.
കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസാണ് പരാതിക്കാരൻ. കോപ്പിയടിയെന്നു പറയുന്ന രേഖകൾ യുജിസിക്ക് കൈമാറിയതായി സർവകലാശാല കഴിഞ്ഞ ദിവസം പരാതിക്കാരനെ അറിയിച്ചു. എന്നാൽ യുജിസി അല്ല അസം സർവകലാശാലയാണ് നടപടിയെടുക്കേണ്ടതെന്നാണ് പരാതിക്കാരൻ പറയുന്നത്.രതീഷ് കാളിയാടനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.