കുംഭമേളയിൽ വൈറലായ 'ഐഐടി ബാബ' കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്‌സ് ആക്‌ട് പ്രകാരമാണ് അഭയ് സിങ്ങിനെ ജയ്പൂരിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ചെറിയ അളവിലായതിനാല്‍ തനിക്ക് ജാമ്യം ലഭിച്ചതെന്ന് അഭയ് മാധ്യമങ്ങളോട് പറഞ്ഞു.
നോയിഡയിലെ ഒരു സ്വകാര്യ ചാനലിന്‍റെ സംവാദ പരിപാടിയിൽ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് അഭയ് സിങ് രംഗത്തെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. കാവി വസ്ത്രം ധരിച്ച ചിലർ ന്യൂസ് റൂമിൽ കയറി തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമായിരുന്നു അഭയ് പൊലീസിന് നല്‍കിയ പരാതി.
നേരത്തെ കുംഭമേളയിലെ അഖാഡയില്‍നിന്ന് അഭയ് സിങിനെ പുറത്താക്കിയിരുന്നു. അഭയ് ഭാഗമായിരുന്ന ജുന അഖാഡ ക്യാമ്പില്‍ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ക്യാംപിലും പരിസരങ്ങളിലും എത്തുന്നതിനായിരുന്നു വിലക്ക്. തന്‍റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ അസഭ്യം വിളിച്ചതിന് അഭയ് സിങിനെ അഖാഡയില്‍നിന്ന് പുറത്താക്കി എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിവര്‍ഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ 'ഐ.ഐ.ടി. ബാബ' കുംഭമേളയുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹരിയാണ സ്വദേശിയാണ് 'ഐഐടി ബാബ' എന്നറിയപ്പെടുന്ന അഭയ് സിങ്. കാനഡയിലെ ജോലി ഉപേക്ഷിച്ച് സന്യാസിയായ അഭയ് സിങ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലെത്തിയതോടെയാണ് മാധ്യമശ്രദ്ധ നേടിയത്.