badrinath

TOPICS COVERED

ഉത്തരാഖണ്ഡിലെ ബദ്രിനാഥില്‍ ഹിമപാതത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. 47 പേരെ ഇതിനോടകം സുരക്ഷിതരായി പുറത്തെത്തിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.  

 

ബദ്രിനാഥില്‍ മഞ്ഞുമല ഇടിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാണ്. കുടുങ്ങിയ 55 തൊഴിലാളികളില്‍ 47 പേരെയും ഇതിനടോകം പുറത്തെത്തിച്ചു. ഇന്ന് 15 പേരെയാണ് രക്ഷിച്ചത്. ഇവരെ ജോഷിമഠിലെ കരസേന ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. ശേഷിക്കുന്നവരെ ഉടന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീകക്ഷ. നാല് ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യത്തിനായി സ്ഥലത്തുണ്ട്

അപകടം നടന്ന സ്ഥലത്ത് രാവിലെ ആകാശനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി ജോഷിമഠിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. കരസേന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ഇന്ന് മഞ്ഞുവീഴ്ച കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. 

ENGLISH SUMMARY:

Rescue teams battle snow rain to save trapped in badrinath camp avalanche