സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് സജ്ജന്‍ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്. രാജ്യം നടുങ്ങിയ 1984ലെ കലാപവുമായി ബന്ധപ്പെട്ടകേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. വധശിക്ഷ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെടുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപം. 1984ലെ കലാപത്തിനിടെ ഡല്‍ഹി സീതാ വിഹാറിലെ വീട് ആക്രമിച്ച ആള്‍ക്കൂട്ടം ജസ്വന്ത് സിങിനെയും മകന്‍ തരുണ്‍ദീപ് സിങിനെയും തീകൊളുത്തി കൊന്നു, വീട് കൊള്ളയടിച്ചു. അക്രമി സംഘത്തെ നയിച്ചത് അന്ന് ലോക്സഭാംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 1991ലാണ് സജ്ജന്‍ കുമാറിനെതിരെ കേസെടുത്തത്, 94ല്‍ തെളിവില്ലെന്ന പേരില്‍ കുറ്റപത്രം തള്ളി. 2015-ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സംഘം കേസ് പുനരന്വേഷിച്ചു, 2021ല്‍ സജ്ജന്‍ കുമാറിനെ വീണ്ടും അറസ്റ്റുചെയ്തു. കേസില്‍ സജ്ജന്‍ കുമാന്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്‍ജി കാവേരി ബവേജ കഴിഞ്ഞ ആഴ്ച വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് സജ്ജന്‍കുമാറിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട സ്ത്രീയും കോടതിയില്‍ വധശിക്ഷ ആവശ്യപ്പെട്ടു. വധശിക്ഷയാണോ ജീവപര്യന്തമാണോയെന്ന് ഇന്നറിയാം.
കലാപത്തിനിടെ രാജ്നഗറില്‍ സിഖ് കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നിലവില്‍ തിഹാര്‍ ജയിലിലാണ് 80 കാരനായ സജ്ജന്‍ കുമാര്‍. മൂന്നുതവണ ലോക്സഭാംഗമായ സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2018ലാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.