പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍ 20 മാസത്തോളമായി ഭരിച്ചുവന്നത് നിലവില്ലാത്ത വകുപ്പെന്ന് റിപ്പോര്‍ട്ട്. ഗസറ്റ് വിജ്ഞാപനത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. സംസ്ഥാന ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ ഉദ്ധരിച്ച് ‘ദി ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മന്ത്രിമാരുടെ വകുപ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിറക്കിയ മുന്‍ വിജ്ഞാപനത്തിന്റെ ഭേദഗതിയില്‍ ധലിവാളിനു മുന്‍പ് അനുവദിച്ചിരുന്ന ഭരണപരിഷ്ക്കാര വകുപ്പ് ഇപ്പോള്‍ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. എന്‍ആര്‍ഐ വകുപ്പ് മാത്രമായിരിക്കും ധലിവാള്‍ ഇനി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നിര്‍ദേശപ്രകാരം ധലിവാളിന്റെ വകുപ്പില്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം ഈ ഫെബ്രുവരി 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനത്തില്‍ പറയുന്നു.
തുടക്കത്തിൽ കൃഷി, കർഷക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ധലിവാളിനെ 2023 മെയ് മാസത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ആ വകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തിന് എൻആർഐ വകുപ്പും ഭരണപരിഷ്കാര വകുപ്പും നൽകിയത്. എന്നാൽ 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നിട്ടും കടലാസിൽ മാത്രമുണ്ടായിരുന്ന ഭരണപരിഷ്കാര വകുപ്പിൽ ധലിവാൾ തുടരുകയായിരുന്നു.
പഞ്ചാബ് സർക്കാരിന്റെ പ്രമുഖ മന്ത്രിമാരിൽ ഒരാൾക്ക് നിയോഗിക്കപ്പെട്ട ഒരു വകുപ്പ് യഥാർത്ഥത്തിൽ നിലവിലില്ലെന്ന് മനസ്സിലാക്കാൻ ഏകദേശം 20 മാസമെടുത്തെങ്കിൽ, അതിലെ പ്രതിസന്ധി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.