വൈദ്യുതി ബോര്‍ഡ് ഉൾപ്പെടെ എല്ലാ ഏജൻസികളും ഇനിമുതൽ സോളർ പദ്ധതികളില്‍ ആകെ ശേഷിയുടെ 10 ശതമാനം സംഭരിക്കാവുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കണം. സൂര്യപ്രകാശമില്ലാത്ത സമയത്ത് രണ്ടുമണിക്കൂറെങ്കിലും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കണമെന്ന് രേഖകളിൽ പ്രത്യേകമായി ചേർക്കണം.
പകൽ സമയം ഗ്രിഡിലേക്ക് അധിക വൈദ്യുതിയുടെ തള്ളിക്കയറ്റം ഒഴിവാക്കാനും രാത്രി സമയത്ത് ഉപഭോക്താവിന് വൈവൈദ്യുതി ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നു സർക്കുലറിൽ പറയുന്നു. നേരിട്ട് ഗ്രിഡിലേക്ക് ബന്ധിപ്പിക്കുന്ന സോളര്‍ പദ്ധതിയെക്കാള്‍ ബാറ്ററി സ്റ്റോറേജ് സംവിധാനത്തിന് ചെലവേറും.
ബാറ്ററിയുടെ ഗുണമേന്മ, സംഭരണ ശേഷി എന്നിവയ്ക്ക് ആനുപാതികമായി മൊത്തം ചെലവിന്റെ അന്‍പതശതമാനം വരെ കൂടാം. രാജ്യത്താകെ 2030 ൽ 14 ജിഗാവാട്ട് വൈദ്യുതി സംഭരണ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കാറ്റ്, സൗരോർജം എന്നിവയിൽ നിന്നുള്ള വൈദ്യുതോൽപാദനം കാലാവസ്ഥാ മാറ്റം കാരണം വ്യത്യാസപ്പെടുമ്പോൾ ഗ്രിഡ് സ്ഥിരതയെ ബാധിക്കുന്നതിനാലാണ് വൈദ്യുതി സംഭരണം കർശനമാക്കുന്നത്.
2024 ഡിസംബർ 31 വരെ, രാജ്യത്തെ ആകെ വൈദ്യുതി സംഭരണ ശേഷി 4.86 ജിഗാവാട്ട് ആണ്. ഇതില്‍ 4.75 ജിഗാവാട്ട്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ ശേഷിയാണ് 0.11 ജിഗാവാട്ട് വൈദ്യുതി മാത്രമാണ് ബാറ്ററിയിൽ സംഭരിക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ നിര്‍ദ്ദേശം.