1974 ല്‍ ഹരിയാനയിലെ ജുലാനയില്‍ ജനിച്ച രേഖ ഗുപ്ത ചെറുപ്പത്തിലെ ആര്‍.എസ്.എസ് ആശയങ്ങളില്‍ ആകൃഷ്ടയായിരുന്നു. ബാങ്ക് ജീവനക്കാരനായ പിതാവിന്റെ ജോലി ആവശ്യാര്‍ഥം ചെറുപ്പത്തിലെ ഡല്‍ഹിയില്‍ എത്തി. പിന്നീടത് പ്രവര്‍ത്തനകേന്ദ്രമായി.
ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ദൗലത് റാം കോഴജില്‍ എ.ബി.വി.പിയുടെ സജീവ പ്രവര്‍ത്തക. വൈകാതെ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി. 2007 ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലറായാണ് പാര്‍ലമെന്ററി രാഷ്ട്രീയം തുടങ്ങുന്നത്. രണ്ടുതവണ കൗണ്‍സിലറും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറുമായി ആ നേതൃപാടവം വളര്‍ന്നു.
ഡല്‍ഹി കോര്‍പറേഷനില്‍ വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മഹിള മോര്‍ച്ച ഡല്‍ഹി യൂണിറ്റ് ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പദങ്ങളും വഹിച്ചു.
കഴിഞ്ഞ രണ്ടുതവണ പരാജയം രുചിച്ച ഷാലിമാര്‍ബാഗില്‍നിന്ന് ഇത്തവണ മുപ്പതിനായിരത്തിനടുത്ത് വോട്ടുനേടിയാണ് രേഖ ഗുപ്ത ജയിച്ചുകയറിയത്. ഒടുവില്‍ മുഖ്യമന്ത്രി പദത്തിലേക്കും.